യാത്രയായെങ്കിലും അപ്പച്ചന്റെ സൃഷ്ടികൾ ടിപ്ടോപ്പ്
മുണ്ടക്കയം: ആദ്യകാല ആർട്ടിസ്റ്റ് ടിപ്പ് ടോപ്പ് അപ്പച്ചനെന്ന മുള്ളങ്കുഴിയിൽ എം.ജെ.ബോസ് ഓർമയായി. ഇദ്ദേഹത്തിന്റെ കലാവൈഭവത്തിൽ പിറവിയെടുത്ത പഴയകാല ബോർഡുകൾ ഇന്നും കച്ചവടസ്ഥാപനങ്ങൾക്ക് മുന്നിൽ മായാതെ നിൽക്കുന്നു.
ഒരു കാലത്ത് ത്രിതല പഞ്ചായത്ത്, പാർലമെൻറ്, നിയമസഭാ തിരഞ്ഞെടുപ്പ് സമയങ്ങളിൽ സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും തേടിയെത്തുന്നത് അപ്പച്ചനെയായിരുന്നു. അക്കാലത്ത് ബാനറുകളും ചുവരെഴുത്തുകളുമായി രാവും പകലും തിരക്കിലായിരുന്ന അപ്പച്ചൻ വീട്ടിലെത്തുന്നത് ഏറെ വൈകിയായിരുന്നു.
കാലം മാറിയതോടെ ബാനറുകൾക്ക് പകരം ഫ്ളെക്സും, വിനൈൽ ബോർഡുകളും രംഗത്തെത്തി. ഇതോട അപ്പച്ചന്റെ തിരക്കൊഴിഞ്ഞു. ഒപ്പം ജോലി ഇല്ലാതായി. മുണ്ടക്കയത്തെ പഴയ കച്ചവട സ്ഥാപനങ്ങളുടെ ബോർഡുകളിൽ ടിപ്പ് ടോപ്പ് എന്ന അപ്പച്ചന്റെ തൂലികാ നാമം പഴയകാല തലയെടുപ്പോടെ ഇന്നും നിലനിൽക്കുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് അപ്പച്ചൻ അന്തരിച്ചത്. ശവസംസ്‌കാരം അരൂരിൽ നടത്തി. ഭാര്യ: മോളി. മക്കൾ: അനിൽ ബോസ്, ആശ ബോസ്.