പഞ്ചായത്ത് കമ്മിറ്റിയിൽ കറുത്ത ബാഡ്ജ് ധരിച്ച് യു.ഡി.എഫ്. ജനപ്രതിനിധികൾ
എരുമേലി: ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണംനഷ്ടമായ എരുമേലി ഗ്രാമപ്പഞ്ചായത്തിൽ ബുധനാഴ്ചനടന്ന കമ്മിറ്റിയിൽ യു.ഡി.എഫ്. ജനപ്രതിനിധികൾ പങ്കെടുത്തത് കറുത്ത ബാഡ്ജുധരിച്ച്.
ജനാധിപത്യ മര്യാദകൾ മറന്ന്, യു.ഡി.എഫ്. ജനപ്രതിനിധിയായ പ്രകാശ് പള്ളിക്കൂടത്തിനെ ഭീഷണിപ്പെടുത്തി അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് എൽ.ഡി.എഫ്. മാറ്റി നിർത്തിയെന്നാരോപിച്ചാണ് പ്രതിഷേധസൂചകമായി പഞ്ചായത്ത് കമ്മിറ്റിയിൽ കറുത്ത് ബാഡ്ജുധരിച്ച് യു.ഡി.എഫ്. ജനപ്രതിനിധികളെത്തിയത്. ബുധനാഴ്ചനടന്ന കമ്മിറ്റിയിലും പ്രകാശ് പള്ളിക്കൂടം എത്തിയിരുന്നില്ല. യു.ഡി.എഫിലെ ജനപ്രതിനിധികളെ സ്വാധീനിച്ചിട്ടില്ലെന്നും എരുമേലിയിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലെ തർക്കങ്ങളാകാം ഭരണംകിട്ടാത്തതിന് കാരണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി പറഞ്ഞു.
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ഭാഗ്യ-നിർഭാഗ്യങ്ങൾ മാറിമറിയുന്നതതായിരുന്നു എരുമേലി പഞ്ചായത്തിലെ കാഴ്ച. 23 വാർഡിൽ കക്ഷിനില 11 വീതം ഇരുമുന്നണികളും നേടി. യു.ഡി.എഫിന്റെ സ്ഥാനാർഥി നിർണയത്തിൽ അപാകം ആരോപിച്ച് കോൺഗ്രസ് ഭാരവാഹി പാർട്ടിയിലെ സ്ഥാനം ഉപേക്ഷിച്ച് സ്വതന്ത്രനായി ജയിച്ചു. ഇരുമ്പൂന്നിക്കര വാർഡിൽ ഇടത്, വലത് മുന്നണികളുടെ സ്ഥാനാർഥികൾ തുല്യവോട്ട് നേടിയപ്പോൾ നറുക്കെടുപ്പിൽ യു.ഡി.എഫ്. അംഗം വിജയിച്ചു. നിരവധി ചർച്ചകൾക്കൊടുവിൽ വൈസ് പ്രസിഡന്റ് സ്ഥാനവുമായി സ്വതന്ത്രൻ യു.ഡി.എഫിനൊപ്പംചേരുകയും ഭരണം ഉറപ്പിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഒരു യു.ഡി.എഫ്. ജനപ്രതിനിധിയുടെ വോട്ട് അസാധുവായി. നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റായി. ആറു മാസങ്ങൾക്കുശേഷം അവിശ്വാസവുമായി യു.ഡി.എഫ്. വന്നപ്പോൾ, യു.ഡി.എഫ്. ജനപ്രതിനിധിയായ പ്രകാശ് പള്ളിക്കൂടത്തിന്റെ അസാന്നിധ്യത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാകാതെ എൽ.ഡി.എഫിന് ഭരണത്തുടർച്ചയായി.
കോൺഗ്രസ് പാർട്ടിചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച പ്രകാശ് പള്ളിക്കൂടം പാർട്ടിയെയും വോട്ടർമാരെയും വഞ്ചിച്ചതായും ഭരണം നിലനിർത്താൻ സി.പി.എം. ജനാധിപത്യ മര്യാദകൾ ലംഘിച്ചതായും യു.ഡി.എഫ്. ആരോപിക്കുന്നു.
യു.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും ഭരണംനഷ്ടമാകാൻ കാരണം കോൺഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കാരണമെന്നാണ് എൽ.ഡി.എഫ്. പറയുന്നത്.