വീടുകയറി ആക്രമണം: നാലുപേരും പിടിയിൽ

കാഞ്ഞിരപ്പള്ളി: കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടുപേർകൂടി അറസ്റ്റിൽ. ആനക്കല്ല് ചെരിപ്പുറത്ത് ഫൈസൽ ഷാജി (അപ്പു-29), കാഞ്ഞിരപ്പള്ളി മേച്ചേരിൽതാഴെ അബ്ദൂൾ റസീക്ക് (അംബ്രു- 21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ നാല് പ്രതികളും പിടിയിലായി. ഇവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു. കഴിഞ്ഞ ദിവസം ആനക്കല്ല് ചെമ്പക്കര ദീപു, കുളപ്പുറം മുണ്ടപ്ലാക്കൽ ജോഷി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ശനിയാഴ്ച രാത്രിയിലാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയെ നാലുപേർ ചേർന്ന് വീട്ടിൽകയറി ആക്രമിച്ചത്.

ഫോണിലൂടെ മാത്യുവും ദീപുവും വാക്കുതർക്കത്തിൽ ഏർപ്പെടുകയും പിന്നീട് മാത്യുവിന്റെ വീട്ടിൽ ദീപു സുഹൃത്തുക്കളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീട്ടിലെത്തിയ ഇവർ ജനൽചില്ലുകൾ അടിച്ചുതകർത്തു. തുടർന്ന് വീട്ടിൽനിന്ന് മാത്യുവിനെ ബലമായി ഇറക്കി മർദിക്കുകയായിരുന്നു. പരിക്കേറ്റ മാത്യു കുളങ്ങര കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

error: Content is protected !!