ഉരുളികുന്നം ശ്രീദയാനന്ദ സ്കൂൾ പഴയ കെട്ടിടം ഇനി ഓർമയിലേക്ക്
• ശ്രീദയാനന്ദ സ്കൂളിന്റെ പഴയ കെട്ടിടം
ഉരുളികുന്നം: 1929-ൽ ആര്യസമാജം സ്ഥാപിച്ച ഉരുളികുന്നം ശ്രീദയാനന്ദ എൽ.പി.സ്കൂളിന്റെ ആദ്യകാല കെട്ടിടം ഇനി ഓർമയിൽ. ആധുനിക രീതിയിലുള്ള കെട്ടിടം നിർമിക്കുന്നതിന് പഴയ ഓടിട്ട കെട്ടിടം പൂർണമായും പൊളിച്ചുനീക്കി.
ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെ പ്രവർത്തകൻ വിജ്ഞാന ചന്ദ്രസേനനാണ് സ്കൂൾ സ്ഥാപിച്ചത്. പ്രഥമ മാനേജരും അദ്ദേഹമായിരുന്നു. ളാക്കാട്ടൂർ സ്വദേശി എം.കെ.അയ്യപ്പപണിക്കരായിരുന്നു ആദ്യ പ്രഥമാധ്യാപകൻ. എഴുത്തച്ഛൻ പുരസ്കാരം നേടിയ സാഹിത്യകാരൻ ഉരുളികുന്നം സ്വദേശി സക്കറിയയുടെ മാതൃവിദ്യാലയം കൂടിയാണ് ശ്രീദയാനന്ദ സ്കൂൾ.
കുരുവിക്കൂട്ട് വല്യാശാൻ എന്നറിയപ്പെട്ട ചൊള്ളങ്കൽ നാരായണൻ നായർ നിലത്തെഴുത്തുകളരി നടത്തിയിരുന്ന സ്ഥലത്താണ് അക്കാലത്ത് സ്കൂൾ സ്ഥാപിച്ചത്. വല്യാശാൻ ഈ സ്ഥലം ആര്യസമാജത്തിന് ദാനം നൽകിയതാണ്. 90 ലക്ഷം രൂപ ചെലവഴിച്ച് മഹർഷി ദയാനന്ദ സരസ്വതിയുടെ സ്മരണ നിലനിർത്തുന്ന ഇരുനില മന്ദിരമാണ് സ്കൂളിന് നിർമിക്കുന്നതെന്ന് മാനേജരും ഉരുളികുന്നം 619-ാംനമ്പർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റുമായ ഇ.ആർ.സുശീലൻ പണിക്കർ പറഞ്ഞു.
മഹർഷി ദയാനന്ദ സരസ്വതി
ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും ജാതിവ്യവസ്ഥയ്ക്കുമെതിരേ പ്രവർത്തിച്ച സന്യാസിയായിരുന്നു സ്വാമി ദയാനന്ദ സരസ്വതി. ഗുജറാത്തിലെ കത്തിയവാറിൽ 1824-ലാണ് ജനനം. മൂലശങ്കർ തിവാരി എന്നാണ് പൂർവാശ്രമത്തിലെ പേര്. 21-ാംവയസ്സിൽ വീടുവിട്ടിറങ്ങി. ഉത്തർപ്രദേശിലെ മഥുരയിൽ മഹർഷി വിരാജാനന്ദയുടെ ശിഷ്യത്വം സ്വീകരിച്ചു. 1875-ലാണ് ആര്യസമാജം രൂപവത്‌കരിച്ചത്. എല്ലാവർക്കും വിദ്യാഭ്യാസത്തിനും വേദപഠനത്തിനും അവകാശമുണ്ടെന്ന് പ്രചരിപ്പിച്ച മഹർഷിയുടെ ശിഷ്യർ അതിനായി വിദ്യാലയങ്ങൾ സ്ഥാപിച്ചുവന്നു. 1883-ൽ സമാധിയായി. കേരളമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും പിന്നീടും ഏറെക്കാലം ആര്യസമാജം നവോത്ഥാനരംഗത്ത് പ്രവർത്തിച്ചു. ഇപ്പോഴും കേരളത്തിൽ ചിലയിടങ്ങളിൽ ആര്യസമാജ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.