കുറുക്കന്റെ ആക്രമണം ഭയന്ന് നാട്ടുകാർ
കാഞ്ഞിരപ്പള്ളി: ജനവാസ മേഖലയിൽ കുറുക്കൻ, കുറുനരി എന്നിവയുടെ ശല്യം രൂക്ഷമാകുന്നു. രാത്രിയിൽ കുറുനരികൾ പ്രദേശവാസികളെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നു. മണ്ണാറക്കയം ബ്ലോക്കുപടി ഭാഗത്തെ കുടുംബനാഥന് രാത്രിയിൽ കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തോട്ടപ്രദേശങ്ങൾ ഏറെയുള്ള മേഖലയിൽ കുറുനരികളുടെ ശല്യം ജനങ്ങളുടെ െെസ്വര്യജീവിതത്തെ ബാധിച്ചിരിക്കുകയാണ്. രാത്രിയായാൽ കാടുകളിൽനിന്ന് വലിയ ശബ്ദത്തിൽ ഇവയുടെ കൂവൽ കേൾക്കാറുണ്ട്.
മണ്ണാറക്കയം-പനച്ചേപ്പള്ളി റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളുന്നതാണ് കുറുക്കൻ, കുറുനരിപോലുള്ള ജീവികൾ നാട്ടിലിറങ്ങുന്നതിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ചാക്കിലും പ്ലാസ്റ്റിക് കൂടുകളുമായികെട്ടി അറവ് ശാലകളിലെയും വീടുകളിലേയും മാലിന്യങ്ങൾ റോഡരുകിൽ തള്ളിയ നിലയിലാണ്. തെരുവുവിളക്കുകളുടെ കുറവ് പ്രദേശത്ത് രാത്രിയിൽ മാലിന്യംതള്ളുന്നതിന് കാരണമാകുന്നുണ്ട്. മാലിന്യം തള്ളുന്നവർക്കതിരേ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. റബ്ബർത്തോട്ടങ്ങളടക്കം കാടുപിടിച്ചുകിടക്കുന്നതും ഇവ വളരാൻ കാരണമായി പറയുന്നു. ജോലി കഴിഞ്ഞുംമറ്റും പോകുന്ന രാത്രികാലയാത്രികരും കുറുനരികളുടെ ആക്രമണഭീതിയിലാണ്.