കോവിഡ് വ്യാപനം: പ്രമേഹവും രക്താദിമർദവും ഉള്ളവർ ആരോഗ്യപരിശോധന നടത്തണം-ഡി.എം.ഒ.
കോട്ടയം ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും ഗണ്യമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രമേഹവും രക്താദിമർദവും ഉള്ളവർ ഇവ അനിയന്ത്രിതമായ നിലയിലല്ലെന്ന് ഉറപ്പാക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. ഇതിനായി അടിയന്തരമായി പരിശോധനയ്ക്ക് വിധേയരാകണം.
രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മർദവും ഉയർന്ന നിലയിലാണെങ്കിൽ ചികിത്സ തേടണം. ജില്ലയിൽ 18 വയസ്സിനുമുകളിലുള്ളവരിൽ എൺപതു ശതമാനത്തോളം പേർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിലും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയവർക്കും രക്താദിമർദം ഉള്ളവർക്കും കോവിഡ് ബാധിച്ചുകഴിഞ്ഞാൽ ഗുരുതര നിലയിലാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ആശുപത്രി ചികിത്സ വേണ്ടിവന്നേക്കാം.
ജില്ലയിൽ വാക്‌സിനേഷന് സന്നദ്‌ധമാകുന്ന എല്ലാ സ്വകാര്യാശുപത്രികൾക്കും വാക്‌സിൻ ലഭ്യമാക്കുമെന്ന ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.
നിലവിൽ 34 സ്വകാര്യാശുപത്രികളിലാണ് കോവിഡ് ചികിത്സയുള്ളത്. ഇതിൽ പത്ത് ആശുപത്രികൾ മാത്രമേ ഇപ്പോൾ വാക്‌സിൽ നൽകുന്നുള്ളു. താത്‌പര്യമുള്ള എല്ലാ ആശുപത്രികൾക്കും വാക്‌സിൻ വിതരണത്തിന് സൗകര്യമൊരുക്കാനാണ് ആരോഗ്യവകുപ്പിെന്റ ശ്രമം.
കോവിഡ് ആരോഗ്യപ്രവർത്തകരാകാൻ സൗജന്യ പരിശീലനം
കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെ ദൗർലഭ്യം നേരിടാൻ ലക്ഷ്യമിട്ട് ആരോഗ്യ പ്രവർത്തനത്തിൽ സൗജന്യ പരിശീലനം നൽകുന്നു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ഐ.എച്ച്.ആർ.ഡി.യും എൻ.എസ്.ഡി.സി.യും ചേർന്നാണ് പരിശീലനം നൽകുന്നത്. പയ്യപ്പാടിയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസസിൽ ഹോം കെയർ സപ്പോർട്ട്(195 മണിക്കൂർ), അഡ്വാൻസ് കെയർ സപ്പോർട്ട്(210 മണിക്കൂർ) എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും. പത്താംക്ലാസ് വിജയിച്ച 18 വയസ്സുപൂർത്തിയായവർക്ക് അപേക്ഷിക്കാം. http:://caspayyappady.ihrd.ac.in എന്ന വെബ്സൈറ്റ് മുഖേനയോ, നേരിട്ട് കോളേജ് ഓഫീസിലെത്തിയോ 30-ന് അഞ്ചുമണിക്ക് മുമ്പായി അപേക്ഷ നൽകണം. വിവരങ്ങൾക്ക്: 6238479051.