എരുമേലി ഫൊറോനാ പള്ളി സെമിത്തേരിയില്‍ കല്ലറയുടെ മുകളിൽ മീൻകടയിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ, വേദനയോടെ വിശ്വാസികൾ പ്രതിഷേധിച്ചു ..

എരുമേലി : എരുമേലി അസംപ്ഷന്‍ ഫൊറോനാ പള്ളി ഇടവകയുടെ സെമിത്തേരിയിലെ കല്ലറയുടെ മുകളിൽ മീൻകടയിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി തള്ളിയ നിലയിൽ കണ്ടെത്തി. എരുമേലി ഇടവകയിലെ ഒരു പ്രമുഖ കുടുബത്തിന്റെ കുടുബകല്ലറയുടെ സമീപത്താണ് മാലിന്യം കണ്ടെത്തിയത് .

കഴിഞ്ഞ ദിവസം നിര്യാതനായ ഇടവകാംഗത്തിനെ അടക്കം ചെയ്ത കല്ലറയില്‍ ശനിയാഴ്ച രാവിലെ ഒപ്പീസ് ചൊല്ലാന്‍ ബന്ധുക്കളും പുരോഹിതരും എത്തിയപ്പോള്‍ സെമിത്തേരിയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കല്ലറയ്ക്ക് മുകളില്‍ മത്സ്യാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞ് കിടക്കുന്നത് കണ്ടത്.

ഫൊറോനാ പള്ളി വികാരി ഫാ. വർഗീസ് പുതുപ്പറമ്പിലും, ഇടവകകമ്മറ്റിയും പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് എരുമേലി സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് എമ്മിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആ പ്രദേശത്ത് ക്യാമറ ഇല്ലാത്തതിനാൽ, ഇതുവരെ മാലിന്യം തള്ളിയ സാമൂഹികവിരുദ്ധരെ കണ്ടെത്തുവാനായില്ല.

ക്രൈസ്തവര്‍ പാവനമായി കാണുന്നയിടമാണ് മണ്‍മറഞ്ഞവര്‍ അന്ത്യ വിശ്രമം കൊള്ളുന്ന സെമിത്തേരിയും കല്ലറകളും. അവിടെ മാലിന്യം തള്ളിയത് ഇതേ സാമൂഹികവിരുദ്ധർ മനഃപൂർവം ആയിരിക്കാമെന്ന് ഇടവകജനങ്ങളിൽ പലരും ആരോപിച്ചു. അത്തരം ഹീന പ്രവർത്തികൾ ചെയ്തവരെ കണ്ടെത്തി നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ നൽകണമെന്നാണ് ഇടവകാംഗങ്ങളുടെ ആവശ്യം. ഇടവകമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് സജി ജോര്‍ജ് തകിടിയേല്‍ അധ്യക്ഷത വഹിച്ചു. ജിജി വെട്ടുകല്ലാംകുഴി, ടോമിച്ചന്‍ പാലക്കുടി, സുബിച്ചന്‍ തോമസ് കല്ലംമാക്കല്‍, മനോജ് തോമസ് കല്ലൂക്കുളങ്ങര, ടോംസ് മണ്ണംപ്ലാക്കല്‍, മാത്യൂസ് ആന്റണി അറയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!