പാലപ്ര ടോപ്പിൽ ഇറക്കത്തിലെ കൊടുംവളവിൽ ടോറസ് നിയന്ത്രണംവിട്ട് താഴേക്ക് പതിച്ചു
പാലപ്ര വളവിൽ അപകടത്തിൽപ്പെട്ട ടോറസ്
കാഞ്ഞിരപ്പള്ളി: കുത്തിറക്കത്തിലെ കൊടും വളവിൽ നിയന്ത്രണവിട്ട് താഴ്ചയിലേക്ക് പോയ ടോറസ് മരത്തിലും തിട്ടയിലുമായി ഇടിച്ച് നിന്നു. പാറത്തോട് പാലപ്ര ടോപ്പിലെ വളവിൽ ശനിയാഴ്ച രാവിലെ ആറോടെയാണ് അപകടം.
പാറമടയിൽനിന്ന് ഇറങ്ങി വന്ന ലോറി ഇറക്കത്തിലെ വളവിൽ നിയന്ത്രണം വിട്ട് നേരെയുള്ള റബ്ബർ തോട്ടത്തിലേക്ക് പോവുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
ടോറസ് താഴ്ചയിലേക്ക് പതിക്കാതെ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവായി. നിരവധി അപകടങ്ങളുണ്ടാകുന്ന വളവിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ബസുകൾ, പാറമടയിൽനിന്നുള്ള ഭാരം കയറ്റിവരുന്ന ലോറികൾ തുടങ്ങി നിരവധി വാഹനങ്ങൾ ഓടുന്ന റോഡ് കൂടിയാണിത്.
നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. മൂന്ന് വർഷം മുൻപ് കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ട് ഇവിടെ മറിഞ്ഞിരുന്നു. മരത്തിൽ ഇടിച്ച് നിന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. നിരവധി ഇരുചക്ര വാഹന യാത്രക്കാരും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. മുൻപുണ്ടായിരുന്ന സംരക്ഷണവേലി പല അപകടങ്ങളിലായി തകർന്നിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, പഞ്ചായത്തംഗം ശശികുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. സംരക്ഷണവേലി നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.