എരുമേലി പഞ്ചായത്തിൽ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം 16 ന് : വിജയപ്രതീക്ഷയിൽ എൽഡിഎഫ്

എരുമേലി : പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫി ന്റെ അവിശ്വാസ പ്രമേയം സെപ്റ്റംബർ 16 ന് അവതരിപ്പിക്കുവാൻ തീരുമാനമായി. കഴിഞ്ഞ മാസം പ്രസിഡന്റിനെതിരെ യുഡിഎഫ് നടത്തിയ അവിശ്വാസത്തിൽ പങ്കെടുക്കാതെ മുങ്ങിയ യുഡിഎഫിലെ ഒരു അംഗം ഇത്തവണ കൂറുമാറി എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകൾ. ഇതോടെ അവിശ്വാസം പാസാകുമെന്നാണ് എൽഡിഎഫി ന്റെ കണക്കുകൂട്ടൽ. നിലവിലുള്ള ഭരണത്തിൽ പ്രസിഡന്റ് സിപിഎം അംഗവും വൈസ് പ്രസിഡന്റ് കോൺഗ്രസ്‌ പിന്തുണയുള്ള സ്വതന്ത്രനുമാണ്.

അതേസമയം എൽഡിഎഫി ൽ ഇടഞ്ഞു നിൽക്കുന്ന സിപിഐ യിലാണ് യുഡിഎഫിന്റെ പ്രതീക്ഷ. സിപിഐ പങ്കെടുക്കാതെ വിട്ടുനിന്നാൽ അവിശ്വാസ പ്രമേയം പരാജയപ്പെടും. ഭരണത്തിൽ അർഹമായ പങ്കാളിത്തം ആവശ്യപ്പെട്ടാണ് എൽഡിഎഫി ൽ സിപിഐ ഇടഞ്ഞുനിൽക്കുന്നത്. മുൻ പഞ്ചായത്ത്‌ ഭരണത്തിൽ രണ്ട് അംഗങ്ങളുണ്ടായിട്ടും സിപിഐ ക്ക് സ്ഥാനങ്ങൾ ലഭിച്ചിരുന്നില്ല. ഇത്തവണ ഒരു അംഗമാണ് സിപിഐക്കുള്ളത്. വനിതയായ ഈ അംഗത്തിന് വനിതാ സംവരണം കൂടിയായ പ്രസിഡന്റ് സ്ഥാനമോ അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനമോ ലഭിക്കേണ്ടതാണെന്ന് സിപിഐ നേതാക്കൾ പറയുന്നു.

വൈസ് പ്രസിഡന്റിനെതിരെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പ് വെയ്ക്കാൻ ആദ്യം സിപിഐ തയ്യാറായിരുന്നില്ല എന്നറിയുന്നത്. യുഡിഎഫി ൽ നിന്നും കൂറുമാറിയ അംഗത്തെ വൈസ് പ്രസിഡന്റ് ആക്കാനുള്ള നീക്കമാണെന്ന് ഇതോടൊപ്പം സിപിഎമ്മി നെതിരെ സിപിഐ ആരോപണം ഉയർത്തുകയും ചെയ്തു. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്നെ തീരുമാനിക്കാമെന്നും അതിന് മുമ്പ് അവിശ്വാസ പ്രമേയത്തിൽ ഭിന്നത പാടില്ലെന്ന് എൽഡിഎഫിന്റെ മേൽ നേതൃത്വം നിർദേശിച്ചതോടെയാണ് സിപിഐ അയഞ്ഞത്. എങ്കിലും അവിശ്വാസ പ്രമേയത്തിന് മുമ്പ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ നിശ്ചയിക്കണമെന്ന് സിപിഐ യിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

23 അംഗങ്ങളുള്ള ഭരണസമിതിയിൽ എൽഡിഎഫി നും യുഡിഎഫി നും 11 അംഗങ്ങൾ വീതം തുല്യമാണ് കക്ഷിനില. യുഡിഎഫിന്റെ 11 പേരും കോൺഗ്രസ്‌ അംഗങ്ങളാണ്. കോൺഗ്രസ്‌ വിമതനായി ജയിച്ച സ്വതന്ത്രൻ യുഡിഎഫിനൊപ്പമായതിനാൽ ഭൂരിപക്ഷമായ 12 ലേക്ക് കോൺഗ്രസ്‌ അംഗബലം എത്തിയിരുന്നു. എന്നാൽ ഒരംഗം കൂറു മാറി എൽഡിഎഫിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ അംഗബലം 11 ആയി കുറഞ്ഞിരിക്കുകയാണ് ഇപ്പോൾ. എൽഡിഎഫിൽ ഒരു സിപിഐ അംഗം ഒഴികെ മറ്റ് അംഗങ്ങളെല്ലാം സിപിഎം അംഗങ്ങളാണ്. യുഡിഎഫി ൽ നിന്ന് കൂറു മാറിയ അംഗം ഒപ്പം ചേർന്നാലാണ് എൽഡിഎഫി ന് നിലവിൽ ഭൂരിപക്ഷമാവുക.നിലവിലുള്ള ഭരണത്തിൽ പ്രസിഡന്റ് സിപിഎം അംഗവും വൈസ് പ്രസിഡന്റ് കോൺഗ്രസ്‌ പിന്തുണയുള്ള സ്വതന്ത്രനുമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫി ലെ ഒരു അംഗത്തിന്റെ വോട്ട് അസാധു ആയത് മൂലമാണ് ഇങ്ങനെ സംഭവിച്ചത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരു സ്ഥാനാർത്ഥികൾക്കും തുല്യ വോട്ട് കിട്ടുകയും തുടർന്ന് നറുക്കെടുപ്പിൽ എൽഡിഎഫി ലെ തങ്കമ്മ ജോർജ്കുട്ടിക്ക് ടോസ് ലഭിച്ച് പ്രസിഡന്റ് സ്ഥാനം കിട്ടുകയായിരുന്നു. അതേസമയം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 12 ഉം എൽഡിഎഫിന് 11 ഉം വോട്ടുകൾ കിട്ടുകയും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ ഇ ജെ ബിനോയ്‌ തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. വൈസ് പ്രസിഡന്റിനെതിരെ 16 ന് രാവിലെ 11 ന് പഞ്ചായത്ത്‌ ഹാളിൽ നടക്കുന്ന കമ്മറ്റിയിലാണ് അവിശ്വാസ പ്രമേയ അവതരണവും ചർച്ചയും വോട്ടെടുപ്പും നടത്തുക. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ് ഫൈസൽ ആണ് വരണാധികാരി. അതേസമയം യുഡിഎഫി നെ വഞ്ചിച്ച അംഗത്തെ കൂറുമാറ്റ നിയമത്തിൽ പെടുത്തി അയോഗ്യനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.

error: Content is protected !!