ശബരിമല വിമാനത്താവളം : പ്രതീക്ഷയുടെ ചിറക് താഴില്ല: ഇനി പുതിയ റിപ്പോർട്ട്
എരുമേലി: ചെറുവള്ളി എസ്റ്റേറ്റ് പരിശോധിച്ച് സമഗ്രമായ പരിശോധന നടത്തി നിർദിഷ്ട വിമാനത്താവള പദ്ധതിയുടെ വിശദമായ പുതുക്കിയ റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ തയാറാക്കി സമർപ്പിക്കാൻ നടപടികൾ തുടങ്ങി. വിമാനത്താവള നിർമാണത്തിന് കന്പനി രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള ചുമതലകൾ വഹിക്കുന്ന സ്പെഷൽ ഓഫീസർ വി. തുളസിദാസിന്റെ നേതൃത്വത്തിലാണ് പുതിയ റിപ്പോർട്ട് തയാറാക്കുക. ഇതിന്റെ ഭാഗമായി വിദഗ്ധരുടെ മേൽനോട്ടത്തിൽ മണ്ണ് പരിശോധനയും ഫീൽഡ് സർവേയും ഉടനെ എസ്റ്റേറ്റിൽ നടക്കും.
കുന്നുകൾ ഇടിച്ചു നിരത്തേണ്ട നിലയിലല്ല എസ്റ്റേറ്റിലെ ഭൂപ്രകൃതിയെന്നു വ്യക്തമാക്കുന്ന ഭൗമഘടനയുടെ രേഖാചിത്രങ്ങൾ തയാറാക്കുന്നുമുണ്ടെന്ന് അധികൃതർ പറഞ്ഞു. 300ൽപ്പരം തൊഴിലാളികൾ താമസിക്കുന്ന വിവിധ ലയങ്ങൾ ഒഴികെ ഒരു ജനവാസ കേന്ദ്രം പോലും എസ്റ്റേറ്റിൽ ഇല്ലെന്നിരിക്കെ വിമാനത്താവളം നിർമിച്ചാൽ രണ്ട് ഗ്രാമങ്ങളെ ബാധിക്കുമെന്നുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ന്റെ കണ്ടെത്തൽ തികച്ചും തെറ്റാണെന്നു പുതിയ റിപ്പോർട്ടിൽ ബോധ്യപ്പെടുത്തും. എരുമേലി, മണിമല വില്ലേജുകളിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. രണ്ട് വില്ലേജുകളിൽ എന്ന റവന്യു രേഖകളിലെ ഈ പരാമർശം മൂലമാണ് രണ്ട് വില്ലേജുകളെയും ജനവാസ കേന്ദ്രങ്ങളായി വിലയിരുത്തി പദ്ധതി ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഡിജിസിഎ സംശയിച്ചത്. ഈ സംശയം തെറ്റാണെന്നു തെളിയിക്കാൻ പ്രയാസമില്ല. രണ്ട് വില്ലേജുകളെ ഗ്രാമങ്ങൾ എന്ന അർഥത്തിലാണ് ഡിജിസിഎ കണക്കാക്കിയത്.
യഥാർഥത്തിൽ എസ്റ്റേറ്റ് രണ്ട് വില്ലേജിലാണെങ്കിലും ജനങ്ങൾ പാർക്കുന്നത് എസ്റ്റേറ്റിനു പുറത്തുള്ള പ്രദേശങ്ങളിലാണ്. രണ്ട് വില്ലേജിലെയും ആൾപ്പാർപ്പ് ഒട്ടുമില്ലാത്ത വിജനമായ റബർ, കൈതത്തോട്ടം മാത്രമാണ് എസ്റ്റേറ്റെന്നു വ്യക്തമാക്കി ബോധ്യപ്പെടുത്തുന്നതോടെ ഈ സംശയം ദുരീകരിക്കപ്പെടും. എസ്റ്റേറ്റിലെ തൊഴിലാളികൾ മാത്രം താമസിക്കുന്ന ലയങ്ങൾ അല്ലാതെ ഒരു വീട് പോലും വേറെയില്ല. ജനങ്ങൾ സ്വന്തം സ്ഥലവും വീടുകളുമായി പാർക്കുന്ന പ്രദേശമല്ലാത്തതിനാൽ ഫീൽഡ് സർവേ നടത്താൻ അധികം സമയം വേണ്ടിവരുന്നില്ല. താമസക്കാരായ തൊഴിലാളികളുടെ മുഴുവൻ കണക്കും എസ്റ്റേറ്റ് അധികൃതരിലും റവന്യു വകുപ്പിന്റെ പക്കലുമുണ്ട്. ആകെ വോട്ടർമാരുടെ എണ്ണം 873 ആണ്. എസ്റ്റേറ്റ് മൊത്തം എരുമേലി പഞ്ചായത്തിലെ ഒരു വാർഡാണ്. പഞ്ചായത്തിൽ ഏറ്റവും കുറവ് വോട്ടർമാരുള്ളത് ചെറുവള്ളി എസ്റ്റേറ്റ് എന്ന പേര് നൽകിയിരിക്കുന്ന ഈ വാർഡിലാണ്.
ഫീൽഡ് പരിശോധനയും മണ്ണുപരിശോധനയും വളരെ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. വിമാനത്താവള പദ്ധതിയുമായി സഹകരിക്കാമെന്ന് എസ്റ്റേറ്റിന്റെ മാനേജ്മെന്റായ ബിലീവേഴ്സ് ചർച്ച് നേരത്തേ അറിയിച്ചിട്ടുള്ളതിനാൽ പരിശോധനകൾക്ക് തടസമുണ്ടാകില്ല. മുന്‍പ് ഫീൽഡ് പരിശോധന നടത്താൻ ഉദ്യോഗസ്ഥസംഘം ശ്രമിച്ചപ്പോൾ തടസപ്പെട്ടിരുന്നു. മൂവായിരം മീറ്ററിൽ കൂടുതൽ നീളമുള്ള റണ്‍വേ നിർമിക്കാൻ നിലവിൽ സ്ഥലസൗകര്യം എസ്റ്റേറ്റിലുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കുന്ന ജോലി സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. റണ്‍വേ നിർമിക്കാനുള്ള സ്ഥല പരിധി എസ്റ്റേറ്റിൽ ഇല്ലെന്നാണ് ഡിജിസിഎ യുടെ നിരീക്ഷണം. ഇങ്ങനെ നിരീക്ഷണം നടത്തിയത് റവന്യു രേഖകളുടെ അനുമാനത്തിലാണെന്നാണു കരുതുന്നത്. ഈ നിരീക്ഷണം തെറ്റാണെന്നും മൂവായിരം മീറ്ററിൽ കൂടുതൽ സ്ഥലം റണ്‍വേയ്ക്ക് ലഭിക്കുമെന്ന് ബോധ്യപ്പെടുത്താനുള്ള സമഗ്രമായ വിവരങ്ങൾ പുതിയ റിപ്പോർട്ടിലുണ്ടാകും. ചെലവ് കുറഞ്ഞതും സുരക്ഷിതവും പരിസ്ഥിതിക്ക് അനുയോജ്യവുമായ വിമാനത്താവളത്തിന് ഏറ്റവും അനുകൂലമാണു ചെറുവള്ളി എസ്റ്റേറ്റെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടാണു പരിശോധനകളിൽ ഇതുവരെ ബോധ്യപ്പെട്ടിട്ടുള്ളത്. നിലവിൽ ഡിജിസിഎ ഉന്നയിച്ച സംശയങ്ങൾക്ക് വ്യക്തവും ആധികാരികവുമായ മറുപടികളും അതിനു പിൻബലം നൽകുന്ന സ്ഥിതിവിവര കണക്കുകളും രേഖകളുമാണു പുതിയ റിപ്പോർട്ടിൽ പ്രധാനമായും ഉൾക്കൊള്ളിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
ഡിജിസിഎ ഉന്നയിച്ച സാങ്കേതിക സംശയങ്ങൾക്ക് നിലവിൽ മറുപടി തയാറായിട്ടുണ്ട്. റിപ്പോർട്ടിൽ കണ്‍സൾട്ടൻസിയുടെ ഒപ്പ് ഇല്ലെന്നും 150 കിലോമീറ്റർ പരിധിയിൽ മറ്റ് വിമാനത്താവളം ഉണ്ടെങ്കിൽ പദ്ധതി പാടില്ലെന്നും സമീപ വിമാനത്താവളങ്ങളുടെ സിഗ്നൽ ഇടകലരുമെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ റിപ്പോർട്ടിൽ കണ്‍സൾട്ടൻസിയുടെ ഒപ്പ് ഉണ്ടാകും. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ആണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും കോർപ്പറേഷന് കണ്‍സൾട്ടൻസി നൽകിയ റിപ്പോർട്ടിൽ ഒപ്പു വച്ചിട്ടുള്ളതാണെന്നും ഡിജിസിഎ യെ ഇനി പുതിയ റിപ്പോർട്ടിൽ ബോധ്യപ്പെടുത്തും. ദൂരപരിധിയിൽ മറ്റ് വിമാനത്താവളങ്ങൾക്ക് ഇളവുകൾ ലഭിച്ചിട്ടുള്ളതും നിർദിഷ്ട പദ്ധതിയും സമീപ വിമാനത്താവളങ്ങളും തമ്മിലുള്ള ദൂരപരിധിയിൽ ചെറിയ ഇളവ് മാത്രമാണു വേണ്ടി വരുന്നതെന്നും സിഗ്നൽ പ്രശ്നം ബാധിക്കില്ലെന്ന് ബോധ്യപ്പെടുത്തുന്ന വിശദീകരണവും പുതിയ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.