ജനവാസ കേന്ദ്രങ്ങളിൽ കാട്ടാന ശല്യം – പരിഹാരമാർഗങ്ങൾ ആലോചിക്കുന്നതിന് ജനപ്രതിനിധികളുടെയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം വിളിക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വനമേഖലകളോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരമാർഗങ്ങൾ ആലോചിക്കുന്നതിനും, കൃഷിയിടങ്ങളുടെയും, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുമായി തദ്ദേശ സ്വയംഭരണസ്ഥാപന ജനപ്രതിനിധികളുടെയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും യോഗം വിളിച്ച് കൂട്ടുന്നതിന് നിശ്ചയിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

പതിനെട്ടാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്ക് മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്ജുകുട്ടി, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ വിനോദ്, വന മേഖലയുമായി ബന്ധപ്പെട്ട വാർഡുകളിലെ പഞ്ചായത്ത് മെമ്പർമാർ കോട്ടയം ഡി.എഫ്.ഓ. എൻ രാജേഷ് ഐ എഫ് എസ്, ഡെപ്യൂട്ടി ഡയറക്ടർ പെരിയാർ വെസ്റ്റ്‌ ഡിവിഷൻ സാജു പി. യു, റേഞ്ച് ഓഫീസർമാരായ എൻ വി ജയകുമാർ, ജ്യോതിഷ് ഇതര വനം വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കുന്നതാണ്. യോഗത്തിൽ വച്ച് കൃഷി സംരക്ഷണത്തിനും, കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടത്തി ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്നും എംഎൽഎ അറിയിച്ചു.

error: Content is protected !!