ഇളംകാട്-വാഗമണ്‍ റോഡ് കല്ലുവഴി
കൂട്ടിക്കല്‍: നിര്‍മാണം നടക്കുന്ന ഇളംകാട്-വാഗമണ്‍ റോഡിന്റെ ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും തകര്‍ന്നു. വല്ല്യേന്ത ടോപ്പ് ഭാഗമാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇവിടെയുള്ള ഒരു പാലവും നാമാവശേഷമായി. മലവെള്ളം കുത്തിയൊലിച്ചെത്തി കല്ലുകള്‍ നിറഞ്ഞു കിടക്കുകയാണ്. ഇളംകാട്ടില്‍ നിന്നും വാഗമണ്ണിലേക്ക് പത്തു കിലോമീറ്റര്‍ ദൂരമാണുള്ളത്. തോട്ടിന്റെ കരയില്‍ വലിയ സംരക്ഷണഭിത്തി നിര്‍മിച്ച് നിര്‍മാണം പൂര്‍ത്തിയായി വരികയായിരുന്നു. സംരക്ഷണഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടാറിങ് മാത്രമാണ് ഇനിയും നടത്താനുണ്ടായിരുന്നത്. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ലക്ഷങ്ങളുടെ നഷ്‌ടമാണുണ്ടായത്. ആറടി താഴ്‌ചയില്‍ റോഡിലെ മണ്ണിളകി മാറി ഭീകരാവസ്‌ഥയിലാണ്. കൂറ്റന്‍ കല്ലുകളാണ് റോഡില്‍ വന്നടിഞ്ഞിരിക്കുന്നത്.
റോഡിന്റെ മുകളിലെ ഒരു വശത്തു നിന്നും ഉരുള്‍പൊട്ടലുണ്ടായി. സമീപത്തു കൂടിയൊഴുകുന്ന തോടും അതിശക്‌തമായി റോഡിലൂടെ ഒഴുകിയതോടെയാണ് റോഡ് പൂര്‍ണമായും തകര്‍ന്നത്. മുണ്ടക്കയം മേഖലയില്‍ നിന്നും അതിവേഗം വാഗമണ്‍ വിനാദ സഞ്ചാരകേന്ദ്രത്തിലേക്കെത്തുന്ന പാതയാണിത്. നിരവധിയാളുകള്‍ വാഗമണ്ണിലേക്ക് പോകാന്‍ റോഡിനെ ആശ്രയിച്ചിരുന്നു. റോഡ് പൂര്‍വസ്‌ഥിതിയിലാക്കണമെങ്കില്‍ മാസങ്ങളുടെ കഠിനപ്രയത്‌നം ആവശ്യമാണ്.