പെരുവെള്ളത്തിൽ ഒലിച്ചുപോയത് മകളുടെ വിവാഹത്തിന് ഒരുക്കിവച്ച സ്വർണ്ണവും പണവും, ദുരിതക്കയത്തിൽ ഒരു കുടുംബം..
എരുമേലി : ∙ വിവാഹം നിശ്ചയിച്ചിരുന്ന ഏക മകൾക്കായി വാങ്ങി സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും, പണവും, വിവാഹ വസ്ത്രങ്ങളും ഉൾപ്പെടെയാണ് അപ്രതീക്ഷിതമായി എത്തിയ പെരുവെള്ളം കവർന്നെടുത്തത്ത്. ടാപ്പിങ് തൊഴിൽ ചെയ്തുണ്ടാക്കിയ വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട തേനാകരയിൽ ടി.കെ.വിജയൻ, ഭാര്യ ഓമന ഏകമകൾ ടി.വി.ആരതി എന്നിവർ അടങ്ങുന്ന കുടുബം ഇനിയെങ്ങനെ മുന്നോട്ടുള്ള ജീവിക്കുമെന്ന് അറിയാതെ വിഴിക്കിത്തോട് ആർവിജി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുകയാണ്.
കഴിഞ്ഞ 16നുണ്ടായ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞൊഴുകിയതോടെ കുറുവാമുഴി-വിഴിക്കിത്തോട് റോഡരികിലെ 13 വീടുകൾക്കൊപ്പം വിജയനും കുടുബവും താമസിച്ചിരുന്ന വീടും ഒലിച്ചുപോയി. നിമിഷനേരം കൊണ്ടു വെള്ളം ഇരച്ചു കയറിയതോടെ വീട്ടിൽ നിന്നു സാധനങ്ങളൊന്നും എടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസം നടത്താനിരുന്ന ആരതിയുടെ വിവാഹം അടുത്ത ബന്ധു മരിച്ചതിനെത്തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു. വിവാഹം സമയത്തിന് എങ്ങനെ നടത്തുമെന്ന് അറിയാൻ കഴിയാതെ തീരാദുഃഖത്തിലാണു വിജയനും കുടുംബവും..