പാറമടകളുടെ പേരിൽ പൂഞ്ഞാർ എംഎൽഎയും, മുൻ എംഎൽഎയും തമ്മിൽ വാക്ക്പോര്.. അനധികൃത പാറമടകൾ പൂട്ടി ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് പ്രദേശവാസികൾ ..
മുണ്ടക്കയം : പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉരുൾപൊട്ടലുകളുടെയും പ്രകൃതി ദുരന്തങ്ങളുടെയും കാരണങ്ങളെ ചൊല്ലി ആരോപണ – പ്രത്യാരോപണങ്ങളുമായി പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും മുൻ എംഎൽ എ പി.സി.ജോർജും, ജില്ലാ പഞ്ചായത്ത് അംഗമായ ഷോൺ ജോർജും രംഗത്ത്.
പരിസ്ഥിതിക്ക് ദോഷകരമായ എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും പാറമട ലോബിക്കും ഒത്താശ ചെയ്യുന്ന ആളാണ് മുൻ എംഎൽഎ എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു.. തനിക്കെതിരെ ക്വാറി ബന്ധം ആരോപണം ഉന്നയിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പാറമട മുതലാളിയുടെ ജീപ്പിലാണ് എംഎൽഎ ബോർഡ് വച്ച് യാത്ര ചെയ്യുന്നതെന്ന് പി.സി.ജോർജ് ആരോപിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങൾ മനസ്സിലാക്കിയപ്പോൾ, തന്റെ പാറമട 2013ൽ നിർത്തിയെന്ന് ഷോൺ ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചു. അനധികൃത പാറമടകൾ പൂട്ടി തങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം നൽകണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപെടുന്നു.
കൂട്ടിക്കലെ ക്വാറികൾ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ ഖനനം ഉടൻ നിർത്തണമെന്നുള്ള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 2015 സെപ്റ്റംബർ 24-ന് ശുപാർശ നൽകിയിരുന്നു. മൂന്നു പാറമടകളിൽ പഠനം നടത്തിയ സംഘം വാഗമൺ മലനിരകളുടെ ഭാഗമായ കൂട്ടിക്കൽ വല്യേന്ത, കൊടുങ്ങ മേഖലകളിലെ മലകളിൽ പാറമടകൾ അനുവദിക്കരുതെന്നു റിപ്പോർട്ട് നൽകിയിരുന്നു. ഖനനം നടത്തുന്നത് പുഴയുടെ ഉത്‌ഭവസ്ഥാനത്താണ്. സ്രോതസുകളെ ബാധിക്കുംവിധമുള്ള ഖനനം അപകടകരമാണ്. പ്രദേശം വാഗമൺ കുന്നിന്റെ തുടർച്ചയുമാണ്. ഇവിടെ ഖനനം അവസാനിപ്പിച്ച് വിപുലമായ പാരിസ്ഥിതിക ആഘാതപഠനം നടത്തണമെന്നും ബോർഡ് ഏഴ് വർഷങ്ങൾക്ക് മുൻപ് നിർദേശിച്ചിരുന്നു.
17 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള മലകളാണു പ്രദേശത്തുള്ളത്. ഇത്തരത്തിലുള്ള സ്ഥലത്തു ഖനനം നടത്തുന്നത് കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. ഗാഡ്ഗിൽ സമിതി, കസ്തൂരിരംഗൻ സമിതി, തിരുവനന്തപുരത്തെ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് ആൻഡ് സ്റ്റഡീസ് സംഘം എന്നിവ നടത്തിയ പഠനങ്ങളിലെല്ലാം അതീവ പരിസ്ഥിതി ലോല പ്രദേശമായാണു കൂട്ടിക്കൽ വില്ലേജ് അടയാളപ്പെടുത്തിയത്.
ഇളംകാട് വല്യേന്തയിലെ പാറമട പ്രവർത്തനം നിർത്തിവയ്ക്കാൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ പി.കെ.ജയശ്രീ കലക്ടർ ഉത്തരവിട്ടു. ഉരുൾപൊട്ടലിന്റെ തലേന്നും പാറമട പ്രവർത്തിച്ചിരുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണു നടപടി. വല്യേന്തയുടെ എതിർവശത്തു കൊടുങ്ങയിലെ പാറമട പ്രവർത്തനം അവസാനിപ്പിച്ചതാണെന്നും കലക്ടർ പറഞ്ഞു.
പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ആരോപണം :
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ അനധികൃത പ്രവർത്തനങ്ങൾ ഇനി അനുവദിക്കില്ലെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. പരിസ്ഥിതിക്ക് ദോഷകരമായ എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും പാറമട ലോബിക്കും ഒത്താശ ചെയ്യുന്ന ആളാണ് മുൻ എംഎൽഎ എന്ന് സെബാസ്റ്റ്യൻ ആരോപിച്ചു.
മൂന്നിലവിൽ സ്വന്തമായി പാറമട നടത്തിയിരുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. ഒരു നാടിനെയാകെ മുടിച്ചിട്ട് വേദാന്തം പറഞ്ഞാൽ അത് ചെലവാകില്ല. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മനസ്സ് കാട്ടാതെ, വിലകുറഞ്ഞ രാഷ്ട്രീയ നിലപാടാണ് പി.സി.ജോർജ് കാണിക്കുന്നതെന്നും സെബാസ്റ്റ്യൻ പറഞ്ഞു. പ്രളയത്തിന് ഉത്തരവാദി സർക്കാർ ആണെന്ന പി.സി.ജോർജിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിനെതിരെ സെബാസ്റ്റ്യൻ സമൂഹ മാധ്യമത്തിലും കുറിപ്പിട്ടു.
പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിന്റെ മറുപടിയും ആരോപണവും :
തനിക്കെതിരെ ക്വാറി ബന്ധം ആരോപണം ഉന്നയിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പാറമട മുതലാളിയുടെ ജീപ്പിലാണ് എംഎൽഎ ബോർഡ് വച്ച് യാത്ര ചെയ്യുന്നതെന്ന് പി.സി.ജോർജ് ആരോപിച്ചു. മുഖം വികൃതമായതിനാൽ കണ്ണാടി പൊട്ടിക്കുന്ന പോലെയാണ് തനിക്കെതിരെ എംഎൽഎ ആരോപണം ഉന്നയിക്കുന്നത്. താൻ എംഎൽഎ ആയരുന്നപ്പോൾ 8 ക്വാറികളാണു മണ്ഡലത്തിൽ പൂട്ടിച്ചത്.
പ്രളയത്തെ നേരിടുന്നതിൽ ഡിസാസ്റ്റർ മാനേജ്മെന്റ് പരാജയപ്പെട്ടു. ദുരിതാശ്വാസം എത്തിക്കേണ്ട ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അംഗം ഒരുമാസമായി മുഖ്യമന്ത്രിയുടെ അനുമതിയോടെ നെതർലൻഡ്സിൽ ആണ് – പി.സി.ജോർജ് ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ്ജിന്റെ മറുപടി :
തന്റെ പാറമട 2013ൽ നിർത്തിയെന്ന് ഷോൺ ജോർജ് സമൂഹമാധ്യമത്തിൽ കുറിച്ചു. പാറമടകളും ക്രഷറുകളും നിർമാണ മേഖലയ്ക്ക് അവിഭാജ്യ ഘടകമാണ്. അത് എവിടെ നടത്തുന്നു, പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കുന്നുണ്ടോ എന്നൊക്കെയാണ് ചർച്ച ചെയ്യേണ്ടത് – ഷോൺ പറഞ്ഞു.
പൊതുജനം പറയുന്നു :
അനധികൃത പാറമടകൾ പൂട്ടി തങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം നൽകണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപെടുന്നു.