എരുമേലി കൊടിത്തോട്ടത്തിൽ ഉരുൾപൊട്ടിയെന്ന് സംശയം, ചരളയിലെ കൊച്ചുതോട്ടിൽ മലവെള്ളപ്പാച്ചിൽ
എരുമേലി: പാറക്കൂട്ടങ്ങൾ നിറഞ്ഞ കൊടിത്തോട്ടം പ്രദേശത്തിന്റെ അടിവാരമായ ചരളയിലെ കൊച്ചുതോട്ടിൽ മലവെള്ളപ്പാച്ചിൽ. കൊടിത്തോട്ടം മലയുടെ അടിവാരമാണ് ഇവിടം. ഉരുൾപൊട്ടിയതോ രണ്ടേക്കറിലധികം വ്യാപ്തിയുള്ള ചെമ്പകപ്പാറ പാറമട പ്രദേശത്തെ വെള്ളം കനത്ത മഴയിൽ ജനവാസമേഖലയിലെത്തിയതോ ആവാം നീരൊഴുക്ക് കുറഞ്ഞ കൊച്ചുതോട്ടിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവാൻ കാരണമെന്ന് സ്ഥലവാസികൾ പറയുന്നു. മലമുകളിൽനിന്ന് വെള്ളം പറമ്പുകളിലും വീട്ടുമുറ്റം വരെയുമെത്തി. തോടും റോഡും നിറഞ്ഞായിരുന്നു വെള്ളമൊഴുക്ക്. പാറമടയുടെ അടിവാരത്ത് നിരവധി കുടുംബങ്ങൾ ആശങ്കയിലാണ്.
മേലേ പാറമട…താഴ്‌വരയിൽ ഭീതി
പാറക്കൂട്ടങ്ങൾ നിറഞ്ഞ കൊടിത്തോട്ടം ജില്ലയിൽ ഉയർന്ന പ്രദേശങ്ങളിലൊന്നാണ്. നിരവധി പാറമടകൾ ഉണ്ടായിരുന്ന പ്രദേശത്ത് നിലവിൽ രണ്ട് പാറമടയാണുള്ളത്. അധികൃതരുടെ അറിവോടെ നാളുകൾനീണ്ട ഖനനത്തിൽ പാറ നിറഞ്ഞ കുന്നുകൾ കുഴിയായി മാറി. പാറമടയുടെ താഴ്‌വാരത്തെ ജനങ്ങളുടെ പ്രതിഷേധം പ്രാദേശിക ഭരണകൂടവും കേട്ടില്ല. മഴയൊന്ന് കനത്താൽ ഉറക്കമില്ലാത്ത രാത്രികളാണ് പ്രദേശത്തെ കുടുംബങ്ങൾക്ക്. പ്രധാനമായും ചെമ്പകപ്പാറ പാറമടയാണ് താഴ്‌വാരത്തിലെ ജനങ്ങൾക്ക് ഭീഷണിയാകുന്നതെന്ന് സ്ഥലവാസികൾ പറയുന്നു.
പരാതിപറഞ്ഞുമടുത്തു
മഴപെയ്താൽ പേടിയാണ്, ഉറങ്ങാനാവില്ല. അധികൃതർക്ക് പരാതി നൽകി മടുത്തു. നാലുവർഷമായിട്ടും പരിഹാരമായില്ല. ജനവാസ കേന്ദ്രത്തിലേക്കുള്ള വെള്ളമൊഴുക്കിന്റെ തീവ്രത കുറയ്ക്കാൻ പാറമട പ്രദേശത്തെ പൊയ്കത്തോട്ടിൽ കരിങ്കൽക്കെട്ട് നിർമിക്കുകയായിരുന്നു. നാട്ടുകാർ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ പാറമടയുടെ പ്രവർത്തനം അശാസ്ത്രീയമാണെന്നായിരുന്നു റിപ്പോർട്ടുകൾ. എരുമേലി പഞ്ചായത്തിലെ പാറമടകളുടെ പ്രവർത്തനം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് നാടിന്റെ ആവശ്യം.