ഉരുൾപൊട്ടലല്ല മലവെള്ളപ്പാച്ചിലെന്ന് വനംവകുപ്പ്
മുണ്ടക്കയം: ശനിയാഴ്ച വൈകുന്നേരമുണ്ടായ കനത്ത മഴയിൽ മുണ്ടക്കയം, വണ്ടൻപതാൽ മേഖലയിൽ ഉണ്ടായത് ഉരുൾപൊട്ടലല്ല മലവെള്ളപ്പാച്ചിലാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. സർക്കാർ തേക്കുംകൂപ്പ് മുകൾഭാഗത്തുനിന്നും കുത്തിയൊലിച്ച് എത്തിയ മഴവെള്ളപ്പാച്ചിലാണ് വണ്ടൻപതാൽ മേഖലയെ വെള്ളത്തിലാഴ്ത്തിയത് എന്നാണു നിഗമനം. കൂപ്പു ഭാഗങ്ങളിൽ പരിശോധന നടത്തിയെന്നും ഉരുൾപൊട്ടലിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.വി. ജയകുമാർ പറയുന്നു.
അസംബനി മല്ലപ്പള്ളി കോളനി ഭാഗത്തിലൂടെയാണ് മലവെള്ളം ഒഴുകിയെത്തിയത്. ഇതേതുടർന്ന് മുണ്ടക്കയം പഞ്ചായത്തിലെ എട്ട്, ഒന്പത് വാർഡുകളിലെ നിരവധി വീടുകളിൽ വെള്ളം കയറുകയും വീടുകൾക്കു നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കോരുത്തോട് – മുണ്ടക്കയം പാതയോരത്ത് താമസിക്കുന്ന പഞ്ചായത്തംഗം ഫൈസൽമോന്റെ വീടിനുളളിൽ വെള്ളം കയറി പാചകവാതക സിലിണ്ടർ അടക്കമുളള വീട്ടുപകരണങ്ങൾ ഒലിച്ചുപോയി. നിരവധി വീടുകളുടെ ചുറ്റുമതിലും വെള്ളം കൊണ്ടുപോയി.
വണ്ടൻപതാൽ അസംബനി നടപ്പാലവും തകർന്നു. ഇതാദ്യമായാണ് ഈ മേഖലയിൽ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഇനിയും മഴ തുടർന്നാൽ ദുരന്തം ആവർത്തിക്കുമോ എന്നുള്ള ഭീതിയിലാണ് ഗ്രാമവാസികളെന്ന് പഞ്ചായത്തംഗങ്ങളായ സിനിമോൾ തടത്തിൽ, ഫൈസൽ മോൻ എന്നിവർ പറയുന്നു.