വടക്കേമല നിവാസികൾക്ക് വൈദ്യുതിയും വെള്ളവും ഇപ്പോഴും അകലെ
കൂട്ടിക്കൽ: പ്രളയം താണ്ഡവമാടി ഒരാഴ്ച പിന്നിട്ടിട്ടും വടക്കേമല നിവാസികൾക്ക് വൈദ്യുതിയും വെള്ളവും അകലെ. മേഖലയിലുണ്ടായ ചെറുതും വലുതുമായ അമ്പതോളം ഉരുൾപൊട്ടലുകളിൽ റോഡുകളും പാലങ്ങളും വൈദ്യുതി ലൈനുകളും പൂർണമായും തകർന്നു. ഉരുൾപൊട്ടലിൽ തകർന്ന റോഡുകൾ ഭാഗികമായി നവീകരിച്ച് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതിയും വെള്ളവും ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല.
ഉരുൾപൊട്ടലിൽ നിരവധി ട്രാൻസ്ഫോർമറുകളും പോസ്റ്റുകളുമടക്കം വൈദ്യുതി വകുപ്പിന് വലിയ നാശനഷ്ടമാണ് ഉണ്ടായത്. വൈദ്യുതിയുടെ അഭാവം മൂലം പല ആളുകൾക്കും മൊബൈൽ ചാർജ് ചെയ്യുന്നതിനും പുറംലോകവുമായി ബന്ധപ്പെടുന്നതിനും സാധിക്കാത്ത അവസ്ഥയുമുണ്ട്. വടക്കേമല ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ യുദ്ധകാല അടിസ്ഥാനത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.
മേഖലയിലേക്കുള്ള കുടിവെള്ളവിതരണവും താറുമാറായി ട്ടുണ്ട്. പാപ്പാനി തോട്ടിൽ നിന്നു പൈപ്പ് ലൈൻ സ്ഥാപിച്ച് ടാങ്കിൽ വെള്ളം ശേഖരിച്ചാണ് മേഖലയിൽ കുടിവെള്ള വിതരണം നടത്തിയിരുന്നത്. എന്നാൽ മഹാപ്രളയത്തിൽ പാപ്പാനി തോട് ഭാഗം മുതൽ വടക്കേമല വരെയുള്ള ഭാഗത്തെ പൈപ്പ് ലൈനുകൾ പൂർണമായും തകർന്നു. ഇതോടെ പ്രദേശത്തേക്കുള്ള കുടിവെള്ളവിതരണവും നിലച്ചു. ഇത് പുനഃസ്ഥാപിക്കണമെങ്കിൽ ആഴ്ചകൾ തന്നെ വേണ്ടിവരും.
കൊക്കയാർ, കൂട്ടിക്കൽ പഞ്ചായത്തുകളുടെ പല പ്രദേശങ്ങളിലും കുടിവെള്ള പദ്ധതികൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. ഇവ പൂർവസ്ഥിതിയിൽ പ്രവർത്തനസജ്ജമാകണമെങ്കിൽ മാസങ്ങൾ തന്നെ കാത്തിരിക്കണം