കനത്ത മഴയില്‍, അപ്രതീക്ഷിത വെള്ളംവരവ്, നടുക്കം വിട്ടുമാറാതെ കുരുമ്പന്‍മൂഴി
വെച്ചൂച്ചിറ: ഉരുള്‍പൊട്ടല്‍ ഉണ്ടായ കുരുമ്പന്‍മൂഴി പനംകുടന്ത നിവാസികള്‍ ജീവന് തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വസത്തിലാണ്. നിമിഷങ്ങള്‍കൊണ്ട് പാഞ്ഞെത്തിയ മലവെള്ളത്തില്‍ നിന്ന് പലരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉരുള്‍പൊട്ടലില്‍ ഒരു വീട് പൂര്‍ണമായും മറ്റൊരു വീട് ഭാഗികമായും തകര്‍ന്നു. മനോജ് ചിലമ്പിക്കുന്നേലിന്റെ വീടാണ് പൂര്‍ണമായും നശിച്ചത്. പൂവത്തുംമൂട്ടില്‍ രാഘവന്റെ വീട് ഭാഗികമായും തകര്‍ന്നു. തോടിനോട് ചേര്‍ന്നിരുന്ന മനോജിന്റെ വീട് തകര്‍ന്നതോടൊപ്പം മുഴുവന്‍ സാധനങ്ങളും ഒഴുകിപ്പോകുകയും ചെയ്തു.
ശനിയാഴ്ച ഉച്ചമുതല്‍ മേഖലയില്‍ ഉണ്ടായ ശക്തമായ മഴയുടെ കൂടെ പനംകുടന്ത അരുവിക്ക് സമീപത്തായി ഉണ്ടായ ഉരുള്‍ പൊട്ടലിലാണ് നാശനഷ്ടം ഉണ്ടായത്. തൊടുകള്‍ക്ക് കുറുകെ വീടുകളിലേക്കുള്ള മൂന്നു പാലങ്ങള്‍ തകര്‍ന്നു. അഞ്ചു വീടുകള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. തോടിന്റെ വശങ്ങള് ഇടിഞ്ഞു പോയിരിക്കുന്നതിനാല്‍ വഴിയില്ലാത്ത അവസ്ഥയും തുടരുന്നുണ്ട്.
രക്ഷാപ്രവര്‍ത്തകര്‍ രാത്രി ഏറെ പണിപ്പെട്ടാണ് ആളുകളെ രക്ഷപ്പെടുത്തിയത്. കുത്തിയൊലിച്ച വെള്ളത്തില്‍ വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി പ്രദേശം ഇരുട്ടിലായിരുന്നു. കുരുമ്പന്‍മൂഴി കോസ്വേയിൽ വെള്ളം കയറിയതിനാല്‍ അഗ്നി രക്ഷാസേനയും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് എത്തിപ്പെടാന്‍ ഏറെ നേരം വൈകി. ഉരുള്‍പൊട്ടലില്‍ പനംകുടന്ത അരുവി ഗതിമാറി പൂവത്തുംമൂട്ടില്‍ രാഘവന്റെ പറമ്പിലൂടെ ഒഴുകുകയായിരുന്നു. പറമ്പില്‍ നിന്നിരുന്ന റബറും മറ്റു കൃഷികളും പൂര്‍ണമായും നശിച്ചു.
ജീവന്‍കൊണ്ട് ഓടുന്നതിനിടെ പശുവിനെ അഴിച്ചു മാറ്റുന്നതിനിടെ കൂട്ടില്‍ കിടന്ന വളര്‍ത്തുനായയെ നഷ്ടമായി. ഓട്ടോറിക്ഷാ ഡ്രൈവറായ മനോജ് ഓട്ടം പോയിരുന്നതിനാല്‍ സ്ഥലത്ത് ഇല്ലായിരുന്നു. തിരികെ വരുമ്പോഴേക്കും വീടുള്‍പ്പടെ സകലതും വെള്ളം കൊണ്ടുപോയിരുന്നു.
സ്ഥലം സന്ദര്‍ശിച്ച മന്ത്രി വീണ ജോര്‍ജിനു മുമ്പില്‍ വികാരഭരിതരായാണ് കുരുമ്പന്‍മൂഴി നിവാസികള്‍ പ്രതികരിച്ചത്. കുരുമ്പന്‍മൂഴി കോസ്വേയ്ക്കു പകരം പാലം നിര്‍മിച്ച് നല്‍കണമെന്നാണ് മന്ത്രിയോട് ജനങ്ങള്‍ ആവശ്യപ്പെട്ടത്. തങ്ങളുടെ ജീവന് നഷ്ടപ്പെടും മുമ്പ് പാലം നിര്‍മിക്കുകയോ അല്ലെങ്കില്‍ മറ്റൊരു സുരക്ഷിത സ്ഥലം അനുവദിക്കുകയോ ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.