ഒരാഴ്ച്ച പിന്നിടുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തുന്നവരുടെ എണ്ണം കൂടുന്നു

കൂട്ടിക്കൽ : പ്രളയത്തെത്തുടർന്ന് കൂട്ടിക്കൽ പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. വീട് നഷ്ടമായവർ, ഭാഗികമായി തകർന്നവർ എന്നിങ്ങനെ ആകെയുള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് പ്രാണരക്ഷാർഥം ക്യാമ്പുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഇവർ. പ്രളയവും ഉരുൾപൊട്ടലിനെയും തുടർന്ന് ഒറ്റപ്പെട്ടുപോയ മ്ലാക്കര, ഇളംകാട്, ടോപ്പ്, ഞർക്കാട് തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്ന് ഇപ്പോഴും ക്യാമ്പുകളിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. ക്യാമ്പ് അവസാനിച്ചാൽ എങ്ങോട്ട് പോകുമെന്ന ആശങ്കയിലാണ് നൂറുകണക്കിന് കുടുംബാംഗങ്ങൾ. ജീവരക്ഷാർഥം വീട്ടിൽനിന്ന് ഇറങ്ങിയോടിയവരാണ് പലരും. വീടുകളിലേക്ക് മടങ്ങിയാലും സ്വന്തമെന്ന് പറയാൻ ഒന്നുമില്ലെന്ന് കപ്പിലാംമൂട് വലിയവീട്ടിൽ ജമീല പറയുന്നു.

കുപ്പായക്കുഴി, കപ്പിലാംമൂട്, ഇളംകാട് തുടങ്ങി പുല്ലകയാറിന്റെ തീരങ്ങളിലെ വീടുകളും സ്ഥലവും ഇനിയൊരിക്കലും വാസയോഗ്യമല്ലാതായി. ഇളംകാട്, വല്യേന്ത, കൊടുങ്ങ, മ്ലാക്കര തുടങ്ങിയ പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളെല്ലാം ഉരുൾപൊട്ടലിനെ തുടർന്ന് ഇപ്പോഴും അപകടാവസ്ഥയിലാണ്‌.

പുസ്തകമില്ല ,ഫോണുമില്ല

പ്രളയത്തിൽ പാഠപുസ്തകങ്ങളും ഫോണുകളുമടക്കം നഷ്ടമായതോടെ ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് വിദ്യാർഥികളുടെ പഠനം മുടങ്ങി. ഫോണുകളില്ലാത്തതിനാൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല. ഒന്നുമുതൽ ബിരുദംവരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവരാണ് ക്യാമ്പുകളിലുള്ളത്. പലർക്കും ഉറ്റവരെപ്പോലും വിളിച്ചറിയിക്കാനാകുന്നില്ല. അധ്യാപകരെപ്പോലും വിവരങ്ങൾ വിളിച്ചറിയിക്കാൻ ഇതുവരെ കഴിഞ്ഞില്ലെന്ന് പത്താംക്ലാസ്‌ വിദ്യാർഥികളായ ഒളയനാട് അനിൽ-സിനി ദമ്പതിമാരുടെ ഇരട്ടക്കുട്ടികളായ ആദർശും ദർശനയും പറയുന്നു. അറിയാവുന്ന നമ്പരുകൾ ഓർത്തെടുത്ത് ക്യാമ്പിലെ മറ്റുള്ളവരുടെ സഹായത്തോടെയാണ് പലരും ബന്ധുമിത്രാദികളെ വിളിക്കുന്നത്.

മഴ തുടരുന്നു… ഭീതിയോടെ വീണ്ടും
ശനിയാഴ്ച മഴ കനത്തതോടെ പ്രദേശവാസികൾവീണ്ടും ഭീതിയിലാണ്.

മലവെള്ളപ്പാച്ചിൽ ഉണ്ടായാൽ കുന്നുകൾ വീണ്ടും ഇടിയാനും കൂടുതൽ വീടുകൾ നിലംപൊത്താനും സാധ്യതയുണ്ട്. മണ്ണുമാറ്റി പലയിടത്തും വീടുകൾ ശുചീകരിച്ചെങ്കിലും ഉടനെ അങ്ങോട്ടേക്ക് മാറാൻ കഴിയില്ല. അപകടാവസ്ഥയിലുള്ള പ്രദേശങ്ങളിൽ കഴിയുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഏന്തയാർ മർഫി സ്‌കൂളിലെ ക്യാമ്പിന്റെ ചുമതലുള്ള പഞ്ചായത്തംഗം ആൻസി അഗസ്റ്റിൻ പറയുന്നു.

error: Content is protected !!