വെള്ളം കുതിച്ചെത്തിയപ്പോൾ ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം വഴിമാറി; ഉരുൾപൊട്ടലല്ല,മലവെള്ളപ്പാച്ചിൽ..
O
മുണ്ടക്കയം ∙ മുണ്ടക്കയം പഞ്ചായത്തിലെ വണ്ടൻപതാൽ അസംബനി ഭാഗത്തു കുതിച്ചെത്തിയ വെള്ളം മലവെള്ളപ്പാച്ചിലാകാമെന്നു നിഗമനം. രണ്ട് മണിക്കൂർ പെയ്ത മഴ ഗ്രാമത്തെ ദുരിതത്തിലാഴ്ത്തി. അസംബനി മല്ലപ്പള്ളി കോളനി മുതൽ വണ്ടൻപതാൽ തോട് വരെയുള്ള ഭാഗത്താണ് ഒട്ടേറെ വീടുകളിൽ വെള്ളം കയറിയത്. അസംബനി – വണ്ടൻപതാൽ നടപ്പാലവും മല്ലപ്പള്ളി കോളനി റോഡിലെ കലുങ്കും അപകടാവസ്ഥയിലായി.
അസംബനി ജനവാസ മേഖലയുടെ മുകൾ ഭാഗത്തുള്ള തേക്ക് കൂപ്പിൽ പരിശോധന നടത്തി. ഈ ഭാഗങ്ങളിലൊന്നും ഉരുൾപൊട്ടലിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. കൂപ്പിനുള്ളിലെ ചെറിയ കാനയും പരിസരവും നിറഞ്ഞിട്ടുണ്ട്. ഉൾപ്രദേശങ്ങളിലും പരിശോധന നടത്തി. -എം.വി.ജയകുമാർ റേഞ്ച് ഓഫിസർ, വനം വകുപ്പ്
‘ഇതു പോലെയൊരു ദുരന്തം പ്രതീക്ഷിച്ചതല്ല. വെള്ളം കുതിച്ചെത്തിയപ്പോൾ ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തം വഴിമാറി. ഒട്ടേറെ വീടുകൾക്കു കേടുപാടു സംഭവിച്ചിട്ടുണ്ട്. സംരക്ഷണഭിത്തി പലയിടത്തും ഇടിഞ്ഞു. മല്ലപ്പള്ളി കോളനി റോഡിലെ കലുങ്കും റോഡും അപകടാവസ്ഥയിലാണ്. -സിനിമോൾ തടത്തിൽ പഞ്ചായത്തംഗം, മുണ്ടക്കയം
‘മുണ്ടക്കയം – കോരുത്തോട് റൂട്ടിൽ വണ്ടൻപതാൽ ടൗണിനു സമീപമാണു വീട്. സമീപമുള്ള കാന മഴയിൽ നിറയാറുണ്ട്. എങ്കിലും കരകവിയാറില്ല. വെള്ളം കയറിയ സമയത്ത് വീട്ടിൽ ഭാര്യ നദീറ, മക്കളായ അഫ്സാന, ഫഹദ്, ഫാദിൽ എന്നിവർ മാത്രമാണ് ഉണ്ടായിരുന്നത്. വേഗത്തിൽ വെള്ളം ഉയർന്നതോടെ അയൽവാസികൾ ഇവരെ സാഹസികമായി രക്ഷപ്പെടുത്തി.