സ്കൂളുകളിൽ ദിവസവേതനത്തിൽ അധ്യാപക നിയമനത്തിന് അനുമതി
നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുമ്പോൾ സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളിലെ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ പൊതു വിദ്യാഭ്യാസവകുപ്പ് അനുമതി നൽകി. 30 ദിവസത്തിൽ കൂടുതലായി വരുന്ന ഒഴിവുകളിലാണിത്. പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന ജില്ലകളിൽ ലിസ്റ്റിൽ ഉൾപ്പെട്ടവർ അപേക്ഷകരായുണ്ടെങ്കിൽ അവർക്ക് സർക്കാർ സ്കൂളുകളിൽ മുൻഗണന നൽകണം. കെ.ടെറ്റ് യോഗ്യത നേടിയവരെയോ ഇളവ് നേടിയവരെയോ ആണ് നിയമിക്കേണ്ടത്.
തെർമൽ സ്കാനറുകൾ നൽകും
കോവിഡ് നിബന്ധനകൾ പാലിക്കുന്നതിനാവശ്യമായ തെർമൽ സ്കാനറുകൾ വിദ്യാഭ്യാസവകുപ്പ് നൽകും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധീനതയിലുള്ള തെർമൽ സ്കാനറുകളാണ് ഇതിന് ഉപയോഗിക്കുന്നത്. തെർമൽ സ്കാനറുകൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറാൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അതത് ജില്ലാ കളക്ടർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. ജില്ലകളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ രണ്ടുദിവസത്തിനുള്ളിൽ തെർമൽ സ്കാനറുകൾ കൈപ്പറ്റും. തുടർന്ന് ബി.ആർ.സി.കൾക്ക് കൈമാറും.
കുടിവെള്ളം പരിശോധിക്കാനും സംവിധാനം
വിദ്യാലയം തുറക്കുമ്പോൾത്തന്നെ ഉച്ചഭക്ഷണപദ്ധതിയും ആരംഭിക്കും. പാചകത്തിനുപയോഗിക്കുന്ന വെള്ളം പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽനിന്ന് ശേഖരിക്കുന്ന വെള്ളം തിങ്കളാഴ്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിക്കണം. ഉപജില്ലാ ഓഫീസുകളിൽനിന്ന് പരിശോധനാ ഏജൻസികൾ വെള്ളം ശേഖരിക്കും