കണ്ണിമലയിൽ തെരുവുനായകളുടെ ശല്യം ; മൂന്നുപേർക്ക് കടിയേറ്റു
കണ്ണിമല: എരുമേലിക്ക് സമീപം കണ്ണിമല പ്രദേശത്ത് തെരുവുനായകളുടെ ശല്യം. ഞായറാഴ്ച പകൽ മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റു. പത്രവിതരണം നടത്തുന്നതിനിടെയാണ് ഒരാൾക്ക് കടിയേറ്റത്. വീട്ടിൽ വളർത്തുനായയെ കടിക്കാൻ ശ്രമിച്ച തെരുവുനായയെ ഓടിക്കാൻ നോക്കിയപ്പോഴാണ് ഗൃഹനാഥനെ തെരുവുനായ കടിച്ചത്.
കണ്ണിമല, മഞ്ഞളരുവി പ്രദേശങ്ങളിൽ നാളുകളായി തെരുവുനായകളുടെ ശല്യം ഉണ്ട്. മുണ്ടക്കയം പഞ്ചായത്തിന്റെ ഭാഗമാണിവിടം. ഇതിന് സമാനമാണ് മുക്കൂട്ടുതറ ടൗണിലും. പത്തിലേറെ തെരുവ് നായ്ക്കളാണ് യാത്രക്കാർക്ക് ഭീഷണിയായി അലഞ്ഞുനടക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് വഴിയാത്രക്കാർ തെരുവുനായകളിൽനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തെരുവുനായകളെ പിടികൂടാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ ആവശ്യപ്പെട്ടു.