പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാൻ ഉടൻ നടപടി വേണം: ഡീൻ കുര്യാക്കോസ്

മുണ്ടക്കയം ∙ പ്രളയത്തിൽ തകർന്ന വീടുകൾ പുനർ നിർമിക്കാൻ സംസ്ഥാന സർക്കാർ അതിവേഗം നടപടി സ്വീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. സർക്കാർ പാട്ടത്തിനു നൽകിയ എസ്റ്റേറ്റ് പ്രദേശങ്ങളിൽ മിച്ച ഭൂമി കണ്ടെത്തി തിരിച്ചെടുത്ത് പുനരധിവാസത്തിനു പദ്ധതി ഉണ്ടാക്കണം. വീടുകൾ പൂർണമായും തകർന്ന ആളുകളും കൃഷി സ്ഥലങ്ങൾ ഇല്ലാതെ ആയവരും ഇനി ദുരന്ത ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നത് അപകടകരമാണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായ സ്ഥലം കണ്ടെത്തണം.

ചിത്രം 1 മുണ്ടക്കയം കോസ്‌വേ പാലത്തിനു സമീപമുള്ള കടകൾ പ്രളയത്തിൽ തകരുന്നതിനു  തൊട്ടുമുൻപ്. 2. കടകളിരുന്ന സ്ഥലം ഇപ്പോൾ.
ചിത്രം 1 മുണ്ടക്കയം കോസ്‌വേ പാലത്തിനു സമീപമുള്ള കടകൾ പ്രളയത്തിൽ തകരുന്നതിനു തൊട്ടുമുൻപ്. 2. കടകളിരുന്ന സ്ഥലം ഇപ്പോൾ. 

യുദ്ധകാല അടിസ്ഥാനത്തിൽ പാലങ്ങൾ നിർമിക്കാൻ സൈന്യത്തിന്റെ സഹായം തേടണം. പ്രകൃതി ദുരന്തത്തിൽ പരുക്കേറ്റവരുടെ ചികിത്സ സൗജന്യമാക്കണം. സർക്കാർ സ്വീകരിച്ച എല്ലാ തീരുമാനങ്ങൾക്കും പൂർണ പിന്തുണയാണു പ്രതിപക്ഷം നൽകിയത്. പക്ഷേ, 2018 ലെ പ്രളയത്തിന്റെ പാഠം ഉൾക്കൊണ്ട് മുൻകരുതലുകൾ സ്വീകരിക്കാതെ പോയത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു എന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

എരുമേലിയിൽ വെള്ളമിറങ്ങി

എരുമേലി∙ മഴ മാറിനിന്നതോടെ ടൗണിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വെള്ളമിറങ്ങിത്തുടങ്ങി. എരുമേലി – കാഞ്ഞിരപ്പള്ളി, കൊരട്ടി – കണ്ണിമല, കണമല – മൂക്കംപെട്ടി, ഏഞ്ചൽവാലി – തുലാപ്പള്ളി റോഡുകളിൽ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തു. എരുമേലിയിൽ വെള്ളം കയറിയതോടെ നൂറുകണക്കിനു വാഹനങ്ങളാണു പല സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്നത്.

ഇന്നലെ വൈകിട്ട് വിവിധ പ്രദേശങ്ങളിൽ ഇടിയും മഴയുമുണ്ടായി. ഇതിനിടെ പമ്പ, മണിമല ആറുകളിലെ മണൽ നീക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പഞ്ചായത്ത് വിയോജിപ്പറിയിച്ചു. മണൽവാരലിന് അനുമതിതേടി പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥർ വിയോജിപ്പു രേഖപ്പെടുത്തി മറുപടി നൽകിയത്.

മണൽ ലേലം വഴി പഞ്ചായത്തിനു വരുമാന മാർഗമാകുമെന്നും അനുമതി ആവശ്യപ്പെട്ടു പ്രമേയം പാസാക്കി സർക്കാരിന് അയച്ചെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ മെല്ലെപ്പോക്കാണെന്നും പൊതുപ്രവർത്തകരായ അനിയൻ എരുമേലി, എബി കാവുങ്കൽ, മുക്കൂട്ടതറയിലെ വ്യാപാരി സിബി കണ്ടത്തിൽ തുടങ്ങിയവർ പറഞ്ഞു.

error: Content is protected !!