സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ പ്രവേശനോത്സവം അവിസ്മരണീയമാക്കി
ആനക്കല്ല് : സെന്റ്ആന്റണീസ് പബ്ലിക്സ്കൂളിൽ കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. ഒന്നര വർഷത്തിനുശേഷം കേരളപ്പിറവി ദിനത്തിൽ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും സ്കൂളിലെത്തിയ കുട്ടികളെ പൂക്കൾ നൽകിയും മിഠായി നൽകിയും എതിരേറ്റു.
മാനേജർ ഫാ. ഡാർവ്വിൻ വാലുമണ്ണേൽ, പ്രിൽസിപ്പൽ ഫാ. ജോഷി സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു, അസിസ്റ്റന്റ് മാനേജർ ഫാ. കാർലോസ് കീരംചിറയിൽ എന്നിവർക്കൊപ്പം അധ്യാപകരും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികളെ സ്കൂളിലേയ്ക്ക് കയറ്റിയത്. കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ കലാപരിപാടികളിൽ കുട്ടികൾ ഏറെ താല്പര്യത്തോടെയാണ് പങ്കെടുത്തത്. കുറേ കാലത്തിനുശേഷം കൂട്ടുകാരെ കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു വിദ്യാർത്ഥികൾ . പാട്ടുപാടിയും പ്രസംഗം പറഞ്ഞും ഡാൻസ് കളിച്ചും കുട്ടികൾ ദിനാഘോഷം അവിസ്മരണീയമാക്കി.
കേരളപ്പിറവി ദിനാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മലയാള വിഭാഗം അധ്യാപകർ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ജാഗ്രത കൈവിടാതെ കോവിഡിനൊപ്പം ജീവിക്കണമെന്ന് പ്രിൻസിപ്പൽ ഫാ. ജോഷി സെബാസ്റ്റ്യൻ കുട്ടികളെ ഉദ്ബോധിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. മനു കെ. മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി.