പൊൻകുന്നം ഡിപ്പോയിൽനിന്ന് ഡ്രൈവറില്ലാതെ ഉരുണ്ടിറങ്ങിയ ബസ് വീട്ടുമുറ്റത്ത് പതിച്ചു ; സമാനമായ അപകടം നാലാം തവണ

പൊൻകുന്നം : കെ.എസ്.ആർ .ടി.സി.ഡിപ്പോയിൽനിന്ന് ഡ്രൈവറില്ലാതെ ബസ് ഉരുണ്ടിറങ്ങി വീട്ടുമുറ്റത്ത് പതിച്ചു. ഡിപ്പോയിൽനിന്ന് ഹൈവേയിലേക്ക് ഇറക്കമുള്ള വഴിക്കരികിൽ നിർത്തിയിട്ടിരുന്ന ബസാണ് തനിയെ ഉരുണ്ടിറങ്ങി റോഡിന് കുറുകെ പാഞ്ഞ് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കെത്തിയത്.

ഡിപ്പോയിലെ ഇറക്കമിറങ്ങിയപ്പോൾ പമ്പിലേക്ക് ഡീസലടിക്കാൻപോയ മറ്റൊരു ബസ്സിന്റെ പിന്നിലിടിക്കുകയും ചെയ്തു.

ഹൈവേയിൽ ട്രാൻസ്‌ഫോർമറിനും വൈദ്യുതിത്തൂണിനും ഇടയിലൂടെ കടന്നുപോയ ബസ് വീടിന്റെ ചുമരിലിടിച്ചാണ് നിന്നത്. ഈസമയം റോഡിൽ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപകടമൊഴിവായി.

തിങ്കളാഴ്ച രാത്രി 7.45-നാണ് സംഭവം. ഡിപ്പോയിലേക്ക് കയറുന്ന വഴിക്കുസമീപം നിർത്തിയിട്ടിരുന്ന ബസ് ഡിപ്പോവളപ്പിൽനിന്ന് പൊൻകുന്നം-പുനലൂർ ഹൈവേയിലേക്കുള്ള ഇറക്കത്തിലൂടെ പാഞ്ഞുവന്നത്. എതിർവശത്ത് റോഡിൽനിന്ന് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്കാണ് ഇടിച്ചിറങ്ങിയത്.

മുൻപും മൂന്നുതവണ ഇതേപോലെ ഡിപ്പോയിലേക്കുള്ള റോഡിൽനിന്ന് ബസ് ഇതേ വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങിയിരുന്നു. ഒരുതവണ വീടിന്റെ ഭിത്തി തകരുകയും ചെയ്തു. ഇപ്പോൾ ഈ വീട്ടിൽ താമസക്കാരില്ല.

error: Content is protected !!