കനത്ത മഴ : രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ കോസ് വേയിൽ വെള്ളം കയറി അരയാഞ്ഞിലിമൺ ഒറ്റപ്പെട്ടു
എരുമേലി : മഴ കനത്താൽ അരയാഞ്ഞിലിമൺ പ്രദേശവാസികൾ ഭീതിയിലാണ്. അഞ്ഞൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന അരയാഞ്ഞിലിമണ്ണിലെ ഗ്രാമവാസികൾക്ക് പുറംലോകത്തേക്കുള്ള ഏക യാത്രാമാർഗമായ ഇടകടത്തി പ്രദേശവുമായി ബന്ധിപ്പിക്കുന്ന കോസ്‌വേ, മഴ കനത്താൽ മുങ്ങിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത് . അതോടെ പ്രദേശവാസികൾക്ക്
അടിയന്തിര ഘട്ടങ്ങളിൽ പുറത്തേക്കു പോകുവാനോ, ഓരോ ആവശ്യങ്ങൾക്ക് പുറത്തുപോയവർക്ക് തിരികെയെത്തുവാനോ യാതൊരു മാർഗ്ഗവുമില്ലാതെ കുടുങ്ങിപ്പോകുന്ന സ്ഥിതിയാണ് . കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണയാണ് കോസ്‌വേയിൽ വെള്ളം കയറി അരയാഞ്ഞിലിമൺ ഗ്രാമം ഒറ്റപ്പെട്ടുപോയത്.
പണ്ട് മഴസമയത്ത് വർഷത്തിൽ ഒന്നോ രണ്ടോതവണ മാത്രമേ മൂക്കംപെട്ടി, അരയാഞ്ഞിലിമൺ കോസ്‌വേകളിൽ വെള്ളം കയറുമായിരുന്നുള്ളൂ. 2018-ലെ പ്രളയംമുതൽ സ്ഥിതി മാറി. രണ്ടുദിവസം മഴ കനത്താൽ വെള്ളപ്പൊക്കമായി. രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണയാണ് കോസ്‌വേകളിൽ വെള്ളം കയറി ഗ്രാമങ്ങൾ ഒറ്റപ്പെട്ടത്. പ്രളയത്തിൽ മണൽ നിറഞ്ഞ് കയങ്ങൾ മൂടപ്പെട്ടതും നദിയുടെ ആഴം കുറഞ്ഞതുമാണ് തുടരെയുള്ള വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
അരയാഞ്ഞിലിമൺ അഞ്ഞൂറോളം കുടുംബങ്ങൾ അധിവസിക്കുന്നയിടമാണ്. ഒരുവശം വനവും മറുവശം പമ്പയാറും അതിരിടുന്ന ഗ്രാമം. ഗ്രാമവാസികൾക്ക് പുറംലോകത്തേക്കുള്ള ഏക യാത്രാമാർഗമാണ് ഇടകടത്തി പ്രദേശവുമായി ബന്ധിപ്പിക്കുന്ന കോസ്‌വേ. ഓരോ കാലവർഷത്തിലും ഗ്രാമം ഒറ്റപ്പെട്ട് ഗ്രാമീണർ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞാൽ തീരില്ല. 2018-ലെ പ്രളയമാണ് ഏറെ ദുരിതം വിതച്ചത്. ആശുപത്രിയിൽ പോകാൻപോലും മാർഗമില്ലാതെ അഞ്ചുദിവസത്തോളം നാട് ഒറ്റപ്പെട്ടു. ഏക ആശ്രയമായിരുന്ന നടപ്പാലം ഒലിച്ചുപോയി. കോസ്‌വേയ്ക്കുപകരം പുതിയ പാലം വേണം, നടപ്പാലം പുനർനിർമിക്കണം-ഇതാണ് ഗ്രാമവാസികളുടെ ആവശ്യം. പുതിയ പാലം നിർമിക്കാൻ സർവേ നടത്തിയതൊഴിച്ചാൽ തുടർപ്രവർത്തനങ്ങളൊന്നും നടപ്പായിട്ടില്ല. നടപ്പാലവും സ്വപ്നമായി തുടരുന്നു.