ഭൂമി തർക്കം: മുണ്ടക്കയം മുറികല്ലുംപുറത്ത് റവന്യൂസംഘത്തിന്റെ സർവേ തടഞ്ഞ നാട്ടുകാരെ അറസ്റ്റുചെയ്ത് നീക്കി
മുണ്ടക്കയം: മണിമലയാറിന്റെ തീരമായ മുറികല്ലുംപുറം ആറ്റുപുറമ്പോക്ക് അളന്നുതിരിക്കാനെത്തിയ റവന്യൂസംഘത്തെ പുറമ്പോക്ക് നിവാസികൾ വീണ്ടും തടഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 21 പേരെ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം.
ഹാരിസൺ മലയാളം പ്ലാന്റേഷന്റെ വെള്ളനാടി റബ്ബർതോട്ടവുമായി അതിരുപങ്കിടുന്ന പ്രദേശമാണിവിടം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തുണ്ടായിരുന്ന മുണ്ടക്കയം പോലീസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് നീക്കിയ ശേഷമാണ് സർവേ ചെയ്തത്. മൂന്നുമാസം മുമ്പ് ഹൈക്കോടതിയിൽനിന്ന് തോട്ടം മാനേജ്മെൻറ് സമ്പാദിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തോട്ടത്തിനോടുചേർന്ന പുറമ്പോക്ക് ഭൂമി അളക്കാൻ റവന്യൂ അധികൃതരെത്തിയത്.
പുറമ്പോക്ക് നിവാസികളുടെ എതിർപ്പിനെത്തുടർന്ന് റവന്യൂ സംഘം സർവേ ചെയ്യാതെ പല തവണ മടങ്ങിയിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തിൽ പുറമ്പോക്കിലെ 52 വീടുകൾ വെള്ളംകയറി നശിച്ചു.
മുണ്ടക്കയത്ത് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു പ്രദേശവാസികൾ താമസിച്ചിരുന്നത്.
ക്യാമ്പ് പിരിച്ചുവിട്ടതോടെ ഇവരുടെ വീടിനോട് ചേർന്ന ഹാരിസൺ റബ്ബർ തോട്ടത്തിൽ താത്കാലിക ഷെഡ് നിർമ്മിച്ചു താമസിക്കുകയായിരുന്നു പ്രദേശവാസികൾ .
ഇതിനിടെ തിങ്കളാഴ്ച വീണ്ടും പുറമ്പോക്ക് അളക്കാൻ റവന്യൂ സംഘമെത്തി. ഇതിനെതിരേ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭൂസംരക്ഷണ സമിതിയുടെ പ്രവർത്തകർ പുറമ്പോക്ക് നിവാസികൾക്കൊപ്പം റവന്യൂസംഘത്തെ തടഞ്ഞു.
ചങ്ങനാശ്ശേരി തഹസീൽദാർ ജോർജിന്റെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തി. പുറമ്പോക്കിന്റെ ഏതെങ്കിലും ഒരു വശത്തുനിന്ന് അളവു തുടങ്ങണമെന്നും മധ്യഭാഗത്തുനിന്നുള്ള അളവ് തോട്ടംഉടമയ്ക്കുവേണ്ടിയാണെന്നും ഇവർ പറഞ്ഞു.
എന്നാൽ, ഉദ്യോഗസ്ഥർ ഇതിന് തയ്യാറായില്ല. സമരക്കാർ റവന്യൂസംഘത്തിനെതിരേ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. മുണ്ടക്കയം സി.ഐ. എ.ഷൈൻകുമാർ, എസ്.ഐ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സമരക്കാരെ അറസ്റ്റുചെയ്ത് നീക്കി.