കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനെ ജയിപ്പിച്ച് ഇടത്, ലീഗ് സഖ്യം
കാഞ്ഞിരപ്പള്ളി: കോൺഗ്രസിൽനിന്ന് രാജിവെച്ച് മത്സരിച്ച ടി.എസ്.രാജൻ എൽ.ഡി.എഫിന്റെയും മുസ്‌ലിം ലീഗ് അംഗത്തിന്റെയും പിന്തുണയോടെ സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി .
ഭരണസമിതിയിലെ നാല് എൽ.ഡി.എഫ്. അംഗങ്ങളും മുസ്‌ലിം ലീഗ് അംഗവും ടി.എസ്. രാജനെ പിന്തുണച്ചു. 11 അംഗ ഭരണസമിതിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ടി.എസ്. രാജന് ആറ് വോട്ടും യു.ഡി.എഫ്.സ്ഥാനാർഥി നിബു ഷൗക്കത്തിന് അഞ്ച് വോട്ടുമാണ് ലഭിച്ചത്. യു.ഡി.എഫിലെ അഭിപ്രായഭിന്നതയെ തുടർന്ന് ടി.എസ്.രാജൻ രാജിവെച്ച ഒഴിവിലേക്ക് കഴിഞ്ഞ 16-ന് നടത്തിയ തിരഞ്ഞെടുപ്പ് ക്വാറം തികയാതിരുന്നതിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. കോൺഗ്രസിലെ അഭിപ്രായഭിന്നത പരിഹരിക്കാൻ കഴിയാതെ വന്നതോടെ ടി.എസ്.രാജൻ തിങ്കളാഴ്ച രാവിലെയാണ് കോൺഗ്രസിൽനിന്ന് രാജി പ്രഖ്യാപിച്ച് എൽ.ഡി.എഫ്.പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.
മൂന്നുമാസം മുൻപ് എൽ.ഡി.എഫ്. പിന്തുണയോടെ കോൺഗ്രസിലെ സക്കീർ കട്ടുപ്പാറ ടി.എസ്.രാജനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. യു.ഡി.എഫ്. വിട്ട് നിന്നതിനാൽ അന്ന് അവിശ്വാസം പരാജയപ്പെട്ടു. കോൺഗ്രസിനുള്ളിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി അഭിപ്രായഭിന്നത രൂക്ഷമായിരുന്നു.
2019 ഓഗസറ്റ് ഒൻപതിന് അധികാരത്തിലേറിയ യു.ഡി.എഫ്. ഭരണസമിതിയിൽ അഞ്ച് കോൺഗ്രസ് അംഗങ്ങളും രണ്ട് മുസ്‌ലിം ലീഗ് അംഗങ്ങളാണുണ്ടായിരുന്നത്. പിന്നീട് പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ലീഗ് അംഗം കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിനു ഭരണം ലഭിച്ച ബാങ്കിൽ ആദ്യ ഒരുവർഷം പ്രസിഡന്റ് സ്ഥാനം ടി.എസ്.രാജനും പിന്നീടുള്ള നാല് വർഷം സുനിൽ തേനംമാക്കൽ, പി.എ.ഷെമീർ, സക്കീർ കട്ടൂപ്പാറ എന്നിവർക്കു ഘട്ടങ്ങളായി നൽകാനുമായിരുന്നു പാർട്ടിയിലെ ധാരണ. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ടി.എസ്.രാജൻ രാജിവെയ്ക്കാതിരുന്നതിനെ തുടർന്ന് കോൺഗ്രസിലെ സക്കീർ കട്ടൂപ്പാറയെ കൂട്ടുപിടിച്ച് എൽ.ഡി.എഫ്. കഴിഞ്ഞ ഓഗസ്റ്റ് രണ്ടിന് അവിശ്വാസപ്രമേയം കൊണ്ടുവന്നു. പ്രമേയം ചർച്ചചെയ്യാൻ ചേർന്ന യോഗത്തിൽ 11 അംഗ ഭരണസമിതിയിലെ എൽ.ഡി.എഫ്. അംഗങ്ങളും കോൺഗ്രസിലെ സക്കീർ കട്ടൂപ്പാറയും മാത്രമാണ് പങ്കെടുത്തത്. കോൺഗ്രസ്-മുസ്‌ലിം ലീഗ് അംഗങ്ങൾ വിട്ടുനിന്നതോടെ പ്രമേയം പരാജയപ്പെട്ടു. എന്നാൽ, പിറ്റേന്ന് പാർട്ടി നിർദേശപ്രകാരം ടി.എസ്.രാജൻ രാജിവെച്ചു.
ടി.എസ്.രാജൻ കോൺഗ്രസിൽനിന്ന് രാജിവെച്ചു
കാഞ്ഞിരപ്പള്ളി: പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ സക്കീർ കട്ടൂപ്പാറയ്‌ക്കെതിരേ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് താൻ കോൺഗ്രസിൽനിന്ന് രാജി വെയ്ക്കുന്നതെന്ന് ഡി.സി.സി. മുൻ ജനറൽ സെക്രട്ടറിയും സെൻട്രൽ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ ടി.എസ്.രാജൻ പത്രസമ്മേളനത്തിലറിയിച്ചു.
ബാങ്ക് പ്രസിഡന്റായിരുന്ന തന്നെ തത്‌സ്ഥാനത്തുനിന്നു പുറത്താക്കാൻ കോൺഗ്രസിലെ സക്കീർ കട്ടുപ്പാറ എൽ.ഡി.എഫ്. പിന്തുണയോടെ അവിശ്വാസം കൊണ്ടുവന്നിരുന്നു.
എന്നാൽ ക്വാറം തികയാത്തതിനാൽ അവിശ്വാസം പരാജയപ്പെട്ടു. തുടർന്ന് സക്കീറിനെതിരേ നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു.