ശരണാരവങ്ങളിലേക്ക് മെല്ലെ എരുമേലി : എങ്ങും അസൗകര്യങ്ങളും പരിമിതികളും.
എരുമേലി : വൃതം നോറ്റ് പ്രതിബന്ധങ്ങൾ മറികടന്ന് എരുമേലിയിലൂടെ അയ്യപ്പ സന്നിധിയിലേക്ക് അയ്യപ്പ ഭക്തരെത്തി തുടങ്ങി. ചെറു സംഘങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ എണ്ണം വർധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്. സർക്കാർ ക്രമീകരണങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും കെടുതികളും കോവിഡ് പ്രശ്നങ്ങളും വീർപ്പുമുട്ടിക്കുന്നതിനിടെയാണ് ശബരിമല തീർത്ഥാടന കാലവും എത്തിയത്. ഇതിനിടയിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ വൈകിയെന്നുള്ളതാണ് വാസ്തവം. ഒപ്പം ദേവസ്വം ബോർഡിൽ ലേലങ്ങൾ പൂർത്തിയാകാത്തതും എരുമേലിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് തടസമായി. എരുമേലി ക്ഷേത്ര ഭാഗത്ത് പാർക്കിംഗിനുള്ള സ്ഥലങ്ങളുടെ ദേവസ്വം ലേലം പരാജയപ്പെട്ടത് മൂലം റോഡിന്റെ വശങ്ങളിലാണ് തീർത്ഥാടക വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്, കക്കൂസുകളും കുളി മുറികളും ലേലമാകാഞ്ഞതിനാൽ അയ്യപ്പ ഭക്തർക്ക് പ്രാഥമിക സൗകര്യം നിറവേറ്റാൻ സൗകര്യമില്ല. സീസൺ ഹോട്ടലുകളും ഭക്ഷണ ശാലകളും ഇതേ കാരണത്താൽ ആരഭിച്ചിട്ടില്ല. ഇത് മൂലം ഭക്തർക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടുന്നു. വിശ്രമിക്കാനും വിരിവയ്ക്കാനും മാർഗ്ഗമില്ല. ആർറ്റിപിസിആർ ടെസ്റ്റ് എടുക്കാനുള്ള സൗകര്യം ഇന്നലെ തുടങ്ങിയിട്ടുണ്ട്. ഒപ്പം ആയുർവേദ, അലോപ്പതി, ഹോമിയോ, മലേറിയ നിവാരണം ക്ലിനിക്കുകൾ ഉൾപ്പെടെ സീസണിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താൽക്കാലിക ആശുപത്രി തുറന്നു. മോട്ടോർ വാഹന വകുപ്പിൽ റോഡ് സേഫ് സോൺ ഓഫിസ് ആയെങ്കിലും പട്രോളിംഗ് ഡ്യൂട്ടിക്കുള്ള വാഹനങ്ങളായിട്ടില്ല. ക്ഷേത്ര കുളിക്കടവിൽ ഭക്തർക്ക് കുളിക്കാനുള്ള സൗകര്യമില്ല. കോവിഡ് നിയമം മുൻനിർത്തി സ്നാനം നടത്താൻ മറച്ചു കെട്ടിയ ഷെഡ് ആണ് ക്രമീകരിക്കുന്നത്. ഇതിന്റെ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. നദികളിലെ ഒമ്പത് കുളിക്കടവുകളിൽ ലൈഫ് ഗാർഡുമാരെ പഞ്ചായത്ത് നിയമിക്കാൻ നടപടികൾ സ്വീകരിച്ചിരുന്നു. പക്ഷെ കടവുകളിൽ കുളി വിലക്കിയിരിക്കുകയാണ്. കോവിഡ് നിയമപ്രകാരം പകരം സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. വെളിച്ചം ഏർപ്പെടുത്താനും കഴിഞ്ഞിട്ടില്ല. ഫയർ ഫോഴ്സ് യുണിറ്റ് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിന് സമീപം ദേവസ്വം സ്കൂൾ വളപ്പിലാണ് ഫയർ ഫോഴ്സ് യൂണിറ്റും താൽക്കാലിക ആശുപത്രിയും തുറന്നുമിരിക്കുന്നത്. സമീപത്ത് പോലിസ് എയ്ഡ് പോസ്റ്റും കൺട്രോൾ റൂമും പ്രവർത്തനനിരതമാണ്. കെഎസ്ആർടിസി സർവീസുകൾ കാര്യക്ഷമമായിട്ടില്ല. തുടർച്ചയായി വെള്ളത്തിൽ മുങ്ങിയ സ്റ്റാൻഡിൽ അസൗകര്യങ്ങളുടെയും അപകടാവസ്ഥയുടെയും നടുവിലാണ് കെഎസ്ആർടിസി സെന്ററിന്റെ പ്രവർത്തനം. ഇനിയും വെള്ളപ്പൊക്കമുണ്ടായാൽ സ്റ്റാൻഡിന്റെ സ്ഥിതി കൂടുതൽ ശോചനീയമാകും. 150 ഓളം വരുന്ന ജീവനക്കാർ സൗകര്യങ്ങൾ പരിമിതികളിലായത് മൂലം ബുദ്ധിമുട്ട് നേരിടുന്നു. ഇന്നലെ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എത്തി സ്ഥിതിഗതികൾവിലയിരുത്തിയിരുന്നു. താമസിയാതെ എല്ലാം ശരിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്തരുടെ എണ്ണം വർധിക്കുമ്പോൾ സൗകര്യങ്ങളായില്ലെങ്കിൽ തീർത്ഥാടനം ഏറെ കലുഷിതമായേക്കും.