ഇന്ധന വില വർധന, പെരുമഴ, കോവിഡ്: ഈ റോഡിലൂടെ ഓടി എന്തു മിച്ചം പിടിക്കും?

പൊൻകുന്നം∙ ഇന്ധന വില വർധന, പെരുമഴ, കോവിഡ്… ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് ഓട്ടോറിക്ഷാ തൊഴിലാളികളും കടന്നു പോകുന്നത്. ഗ്രാമീണ വഴികളാണ് ഓട്ടോക്കാരുടെ സഞ്ചാരപഥം. വല്ലപ്പോഴും കിട്ടുന്ന ഓട്ടം പോലും പോകാൻ കഴിയാത്ത നിലയിൽ തകർന്നിരിക്കുകയാണ്് ചിറക്കടവ് പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ. തകർന്ന റോഡ് വഴിയുള്ള ഓട്ടത്തിന് 20% കൂടുതൽ ഡീസൽ ചെലവാകും.

 ദിവസേനയുള്ള വർക്‌ഷോപ് കയറ്റം വേറെ. ഓട്ടോക്കൂലി കൂട്ടി വാങ്ങാൻ കഴിയില്ല. വൈകിട്ട് കണക്കു നോക്കുമ്പോൾ കാര്യമായ മിച്ചമില്ല. പഞ്ചായത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ഓട്ടോ തൊഴിലാളികൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു.

കാളിയാനിപ്പടി – തേക്കുംമൂട് റോഡ്

5 വർഷം ഗാരന്റിയിൽ നിർമിച്ചതാണെങ്കിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികളാണ്. മെറ്റൽ റോഡിലാകെ പരന്നിരിക്കുന്നു. പതിയെ മാത്രമേ ഇതുവഴി പോകാൻ കഴിയൂ. ഇന്ധനച്ചെലവ് കൂടുതലാണ്.

മറ്റത്തിൽപടി – ജനറൽ ആശുപത്രിപ്പടി റോഡ്

ഇതിലെ ഓട്ടം വിളിച്ചാൽ പോകാൻ കഴിയില്ല. തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അറ്റകുറ്റപ്പണികൾ നടത്താതെ വന്നതാണ് ഈ ഗതിയിലാകാൻ കാരണം. എങ്കിലും അത്യാവശ്യക്കാർ വിളിച്ചാൽ പോകാറുണ്ട്. ഡീസൽ കാശുപോലും കിട്ടില്ല. 

ചിറക്കടവ് പബ്ലിക് ലൈബ്രറി – ടൗൺഹാൾ റോഡ്

കുത്തു കയറ്റത്തിനിടെ ആഴത്തിലുള്ള കുഴികളാണ്. ഡീസൽ ഇരട്ടി ചെലവാണ്. ഓട്ടം പോകാൻ ആരും തയാറാകുന്നില്ല. 

എസ്ആർവി – കാരിപൊയ്ക റോഡ്

റോഡിലെ കുഴികൾ വലുതായി മെറ്റൽ ഇളകി കിടക്കുകയാണ്. ഓടയില്ലാത്തതിനാൽ മഴ വെള്ളം റോഡിലൂടെ കുത്തിയൊലിച്ച് തകർന്നു.  വണ്ടിക്ക്  ദിവസവും പണിയാണ്. നാട്ടുകാരായതിനാൽ ഓട്ടം പോകാതിരിക്കാനും കഴിയില്ല.

ചെറുവള്ളി ക്ഷേത്രം –  വാളക്കയം റോഡ്

‌കാഞ്ഞിരപ്പള്ളിക്ക് എത്താനുള്ള എളുപ്പ വഴിയാണിത്. റോഡിൽ 2 കിലോമീറ്റർ തകർന്നു കിടക്കുകയാണ്. ഓടിയാൽ ഡീസൽ കാശ് നഷ്ടമാണ്. 

∙ചെറുവള്ളി ക്ഷേത്രം – വാളക്കയം റോഡിൽ നിന്ന് ടി.ആർ.ബിനീഷ്, പാലയ്ക്കൽ, കാവുംഭാഗം, ചെറുവള്ളി.

error: Content is protected !!