പട്ടണത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം

എരുമേലി∙ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി. ശബരിമല തീർഥാടനകാലത്ത് അയ്യപ്പഭക്തർ അടക്കമുള്ളവർ തെരുവുനായ ശല്യം മൂലം വിഷമിക്കുന്നു.3 മാസം മുൻപ് പത്ര വിതരണക്കാരനെ നായ കടിച്ചിരുന്നു. നായ്ക്കളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന് പൊലീസ് കത്തു നൽകിയിട്ട് 2 വർഷം കഴിഞ്ഞെങ്കിലും നടപടി ഇല്ല. മണ്ഡല മകരവിളക്ക് സീസണിൽ തീർഥാടകർ അടക്കമുള്ളവരെ പേ വിഷബാധയുള്ള നായ കടിച്ചിട്ടും മുൻകരുതൽ ഇല്ല. നൂറുകണക്കിനു നായ്ക്കളാണു പട്ടണത്തിൽ അലഞ്ഞു നടക്കുന്നത്.പ്രളയകാലത്തെ വെള്ളപ്പൊക്കത്തെ തുടർന്നു റാന്നി പമ്പാനദീതീരത്തു നിന്ന് ഒട്ടേറെ നായ്ക്കളാണ് എരുമേലിയിൽ എത്തിയിരിക്കുന്നത്. 

എരുമേലി പേട്ടതുള്ളൽ പാത, സ്വകാര്യ,കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ, പേട്ടക്കവല, കണ്ണിമല, മുക്കൂട്ടുതറ,മുപ്പത്തഞ്ച് ,വാഴക്കാല ഭാഗങ്ങളിൽ ഇവ അലഞ്ഞു നടക്കുകയാണ്.കഴിഞ്ഞ മണ്ഡല കാലത്ത് തീർഥാടകർ, പൊലീസ് ഉദ്യോഗസ്ഥൻ, പേട്ടതുള്ളൽ മേളക്കാർ, നാട്ടുകാർ എന്നിവരെ പേ വിഷബാധയുള്ള നായ കടിച്ചിരുന്നു.കോവിഡ് കാലത്തു ഹോട്ടലുകൾ അടക്കമുള്ളവയുടെ എണ്ണം കുറഞ്ഞതോടെ നായ്ക്കൾക്കു ആവശ്യത്തിനുള്ള ഭക്ഷണം തികയുന്നില്ല. ഇതിനിടെ നൂറുകണക്കിനു നായ്ക്കൾ പെറ്റു പെരുകുകയും ചെയ്തു. 

തെരുവു നായ്ക്കളെ കൊല്ലാൻ നിയമ തടസ്സമുള്ളതിനാൽ തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ പ്രതിസന്ധിയിലാണ്.ശബരിമല പാതയിലെ കനകപ്പലം, കരിമ്പിൻതോട്, മുക്കട, പ്ലാച്ചേരി, പൊന്തൻപുഴ വന പ്രദേശങ്ങളിൽ മത്സ്യ, മാംസ അവശിഷ്ടങ്ങളുടെ തള്ളൽ നടക്കുന്നതിനാൽ ഈ മേഖലയിലും തെരുവു നായകളുടെ ശല്യം വർധിച്ചിരിക്കുകയാണ്.

error: Content is protected !!