എൽഡിഎഫിലൂടെ ജോസ്.കെ.മാണി വീണ്ടും രാജ്യസഭയിലേക്ക്…
രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസ് – എമ്മിലെ ജോസ്. കെ. മാണിക്ക് ജയം. 125 എംഎൽഎമാർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. ജോസ്.കെ.മാണിക്ക് 96 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിന്റെ ശൂരനാട് രാജശേഖരന് 40 വോട്ട് ലഭിച്ചു.
എൽഡിഎഫിന് 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി. മമ്മിക്കുട്ടി എന്നിവർ കോവിസ് ബാധിതരായതിനാല്‍ 97 പേർ മാത്രമേ വോട്ട് രേഖപ്പെടുത്തിയുള്ളൂ. എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവാക്കി. ബാലറ്റ് പേപ്പറിൽ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്താത്തതിനെത്തുടർന്നാണിത്.
യുഡിഎഫിന് 41 എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി. തോമസ് ചികിത്സയില്‍ കഴിയുന്നതിനാല്‍ വോട്ട് ചെയ്യാനെത്തിയില്ല. അതേസമയം, കോവിഡ് ബാധിതനായിരുന്ന മാണി.സി. കാപ്പന് പിപിഇ കിറ്റ് ധരിച്ച് വൈകിട്ട് വോട്ടുചെയ്യാനെത്തിയിരുന്നു. എൽഡിഎഫിന് സി.കെ. ഹരീന്ദ്രനും ഐ.ബി. സതീഷും യുഡിഎഫിന് അൻവർ സാദത്തും സജീവ് ജോസഫുമായിരുന്നു ഇൻഹൗസ് ഏജന്റുമാർ.
യുഡിഎഫ് പിന്തുണയോടെയാണ് 2018ൽ ജോസ് കെ. മാണി രാജ്യസഭയിലെത്തിയത്. കേരള കോണ്‍ഗ്രസ്- എം യുഡിഎഫ് വിട്ട് ഇടതുമുന്നണിയുടെ ഭാഗമായതോടെ രാജ്യസഭാംഗത്വം രാജിവച്ചു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടി വന്നത്. 2024 വരെയാണ് കാലാവധി.