പൊൻകുന്നത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും 13 പവൻ സ്വർണവും മോഷ്ടിച്ചു

പൊൻകുന്നം: വീട്ടുകാർ യാത്രപോയദിവസം രാത്രി വീട് കുത്തിത്തുറന്ന് മോഷണം. 1,35,000 രൂപയും 13 പവൻ സ്വർണാഭരണവും 35,000 രൂപ വിലയുള്ള വാച്ചുകളും നഷ്ടപ്പെട്ടു. പൊൻകുന്നം ഇരുപതാംമൈൽ പ്ലാപ്പള്ളിൽ ദിനേശ്ബാബുവിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.

ദിനേശ്ബാബുവും കുടുംബാംഗങ്ങളും ഞായറാഴ്ച രാവിലെ അടൂർക്ക് യാത്ര പോയതാണ്. തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചനിലയിൽ കണ്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണവുമാണ് നഷ്ടപ്പെട്ടത്. നിരവധി താക്കോലുകൾക്കൊപ്പം വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ തിരഞ്ഞുപിടിച്ച് അലമാര തുറക്കുകയായിരുന്നു.

ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ കടകളിലെ സി.സി.ടി.വി.ക്യാമറകളിലെ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.ബാബുക്കുട്ടൻ, പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസൺ, എസ്.ഐ.രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.

error: Content is protected !!