ഡെലിവറി ബോയിയുടെ വേഷത്തിൽ കൂവപ്പള്ളിയിൽ വീട്ടിൽ കയറി വീട്ടമ്മയെ അടിച്ചുവീഴ്ത്തി മാല കവർന്ന കള്ളന് പണികിട്ടി ..
കാഞ്ഞിരപ്പള്ളി : കൂവപ്പള്ളി തുരുത്തിപ്പടവ് ഭാഗത്ത് ഓൺലൈൻ ഡെലിവറി ബോയിയുടെ വേഷത്തിൽ, വീട്ടിൽ കയറി അക്രമി വീട്ടമ്മയുടെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റെങ്കിലും, അക്രമി തട്ടികൊണ്ടുപോയ മാല മുക്കുപണ്ടമായതിനാൽ വീട്ടമ്മയ്ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായില്ല. കൂവപ്പള്ളി തുരുത്തിപ്പടവ് ആലമ്പരപ്പ് കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊർമിള (34) ആണ് ആക്രമണത്തിനിരയായത്.
വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം നടന്നത്. യുവതിയും നാലും രണ്ടും വയസുള്ള കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്ലിപ്കാർട്ടിൽ നിന്നും ഡെലിവറിയുമായി എത്തിയയാൾ എന്ന വ്യാജേന ചുവന്ന സ്കൂട്ടറിൽ കള്ളനെത്തിയത്.
ഫ്ലിപ്കാർട്ടിൽ സാധനം ഓർഡർ ചെയ്തിരുന്നതിനാലും ഡെലിവറി ബോയ്സിന്റെ തോളിൽ കാണുന്ന ബാഗുണ്ടായിരുന്നതിനാലും യുവതിക്ക് സംശയം തോന്നിയില്ല. മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ യുവതി തടയാൻ നോക്കി. പിന്നാലെ യുവതിയെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപെടുകയായിരുന്നു. അടുത്തെങ്ങും മറ്റ് വീടുകൾ ഇല്ലാതിരുന്നത് മോഷ്ട്ടാവിന് സൗകര്യമായി .
രണ്ടുപേരാണ് എത്തിയതെന്ന് പിന്നീട് യുവതി പോലീസിന് മൊഴി നൽകി. കള്ളന്റെ പിന്നാലെ ഓടിയപ്പോൾ റോഡിൽ മറ്റൊരാൾ ബൈക്കിൽ കാത്തുനിൽപ്പുണ്ടായിരുന്നതും യുവതി കണ്ടു. ഈ ബൈക്കിന്റെ പിന്നിൽ കയറിയാണ് മാല പൊട്ടിച്ചയാൾ കടന്നുകളഞ്ഞത്. മാസ്കും ഫേസ് ഷീൽഡും ധരിച്ചാണ് വീട്ടിൽ കയറിയയാൾ എത്തിയത്. അതിനാൾ കള്ളന്റെ മുഖം വ്യക്തമായില്ല.
കാഞ്ഞിരപ്പള്ളി സിഐ സിബി ടോം, എസ് ഐ അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി .