വിലക്ക് ലംഘിച്ച് കാനനപാതയിലൂടെ യാത്ര: വിശ്വാസികളെ പോലീസ് തടഞ്ഞു, വിഷയം പരിഗണിക്കാമെന്ന ഉറപ്പിൽ പിൻവാങ്ങി
എരുമേലി: ശബരിമല തീർഥാടനത്തിൽ പ്രധാനമായ പരമ്പരാഗതപാതയിലൂടെ തീർഥാടനം അനുവദിക്കാത്ത സർക്കാർനടപടിയിൽ പ്രതിഷേധിച്ച് വിവിധ ഹൈന്ദവസംഘടനകൾ എരുമേലിയിൽനിന്ന് പമ്പയിലേക്ക് പരമ്പരാഗതപാതവഴി പദയാത്രയ്ക്ക് പുറപ്പെട്ടു. ഇരുമ്പൂന്നിക്കരയിൽ പോലീസ് യാത്ര തടഞ്ഞു.
യാത്ര തടസ്സപ്പെടുത്തിയ പോലീസ് നിലപാടിൽ പ്രതിഷേധിച്ച് വിശ്വാസികൾ ശരണംവിളികളുമായി റോഡിലിരുന്നു. പോലീസിനെ മറികടന്നുപോകാൻ ഏതാനും ഭക്തർ ശ്രമിച്ചെങ്കിലും സംഘടനാ പ്രതിനിധികൾ അവരെ ശാന്തരാക്കി.
സർക്കാർ അനുമതിയില്ലാത്തതിനാൽ പാതയിലൂടെ യാത്ര അനുവദിക്കില്ലെന്നും ഭക്തരുടെ വികാരങ്ങൾ മാനിക്കുന്നതായും, സുരക്ഷാക്രമീകരണങ്ങൾക്ക് നേതൃത്വം നൽകിയ അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.സുരേഷ്‌കുമാർ സംഘടനാ പ്രതിനിധികളെ അറിയിച്ചു. വിഷയം ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന പോലീസിന്റെ ഉറപ്പിൽ വിശ്വാസികൾ പദയാത്ര അവസാനിപ്പിക്കുകയായിരുന്നു.
നാളികേരമുടച്ച് എരുമേലി ധർമശാസ്താ ക്ഷേത്രത്തിന് വലംവെച്ചാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ക്ഷേത്രനടപ്പന്തലിൽനിന്ന് കാനനപാതയിലൂടെയുള്ള പദയാത്ര ആരംഭിച്ചത്. പദയാത്രയ്ക്ക് മുന്നോടിയായി നടന്ന സമ്മേളനം ചലച്ചിത്രനടൻ ദേവൻ ഉദ്ഘാടനംചെയ്തു.
മാർഗദർശക് മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സത്സ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ, വൈസ് ചെയർമാൻ എസ്.ജെ.ആർ.കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അരവിന്ദാക്ഷൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് നാരായണൻ, ജന. സെക്രട്ടറി മോഹൻ, മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇരുമ്പൂന്നിക്കര ശിവക്ഷേത്രത്തിലും സുബ്രഹ്മണ്യക്ഷേത്രത്തിലും പദയാത്രാസംഘത്തിന് സ്വീകരണം നൽകി.