ഫാക്ടറി മാലിന്യം തോട്ടിൽ ഒഴുക്കുവാനെത്തിയ ടാങ്കർ ലോറി പോലീസിനെ കണ്ട് രക്ഷപെട്ടോടുവാൻ ശ്രമിച്ചു, പോലീസ് വിദഗ്ദമായി കുടുക്കി..
എലിക്കുളം: ഫാക്ടറി മാലിന്യം തോട്ടിലൊഴുക്കാനുള്ള ശ്രമത്തിനിടെ പോലീസിനെ കണ്ട് ഓടിച്ചുപോയ ടാങ്കർ ലോറി ‘വഴി തീർന്ന്’ കുടുങ്ങി. പിന്നോട്ടോടിച്ച് രക്ഷപെടാതിരിക്കാൻ മറ്റൊരു ലോറി റോഡിൽ ഇട്ട് തടഞ്ഞു. സെപ്ടിക് ടാങ്ക് ക്ലീനിങ് സംഘത്തിന്റെ വാഹനവും രണ്ട് ജീവനക്കാരും കസ്റ്റഡിയിലായി. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ പനമറ്റം റോഡിലൂടെയെത്തിയ ടാങ്കർ ലോറിയെ പൊൻകുന്നം പോലീസ് പിന്തുടരുന്നുണ്ടായിരുന്നു. പാലാ-പൊൻകുന്നം റോഡിലിറങ്ങിയ ടാങ്കർ മടുക്കക്കുന്ന് പള്ളിക്ക് സമീപം നിർത്തി തോട്ടിലേക്ക് മാലിന്യം തുറന്നുവിട്ടു. ഇതിനിടെ പോലീസ് എത്തിയതോടെ വണ്ടിയോടിച്ച് വീട്ടിലേക്കുള്ള വഴിയാണെന്നറിയാതെ ഇടറോഡിലേക്ക് കയറ്റി.
കുറച്ചുദൂരമോടിയപ്പോഴേക്കും ‘റോഡ് തീർന്നതിനാൽ’ പോലീസ് പിടിയിലാകാതിരിക്കാൻ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. പോലീസ് മറ്റൊരു ലോറി വിളിച്ചുവരുത്തി വഴി തടസ്സപ്പെടുത്തുകയും ചെയ്തു. പിന്നീട് ആലപ്പുഴ സ്വദേശികളായ അമൽബാബു, ശ്രീഹരി എന്നീ ജീവനക്കാർ പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു. ലോറി കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിലാണ്.
പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം, ഇളങ്ങുളം പ്രദേശങ്ങളിൽ ഓടയിലും തോട്ടിലും കക്കൂസ് മാലിന്യവും റബ്ബർഫാക്ടറി മാലിന്യവും മുൻപും പലതവണ ഒഴുക്കിയിട്ടുണ്ട്.