എരുമേലി ടൗണിൽ വൺവേ സംവിധാനം ഏർപ്പെടുത്തി

എരുമേലി: അയ്യപ്പഭക്തരുടെ തിരക്ക് കൂടിയതോടെ എരുമേലി ടൗണിൽ വൺവേ സംവിധാനം ഏർപ്പെടുത്തി. പേട്ടതുള്ളൽ പാതയിൽ ടൗൺ ജങ്ഷൻ മുതൽ രാജാപ്പടി വരെയുള്ള ഭാഗത്താണ് ഗതാഗത ക്രമീകരണം. ധർമശാസ്താ ക്ഷേത്രത്തിന് മുമ്പിലൂടെ ടൗണിലേക്ക്‌ വരുന്ന എല്ലാ വാഹനങ്ങളും രാജാഹോട്ടൽ പടി ജങ്ഷനിൽനിന്നു ഇടത്തോട്ട് തിരിഞ്ഞ് ടി.ബി. റോഡ് വഴി ടൗണിലെത്തണം. പേട്ടതുള്ളിയെത്തുന്ന തീർഥാടകരും പേട്ടതുള്ളാൻ പോകുന്നവരും റോഡിന്റെ ഇരുവശങ്ങളിലൂടെ കടന്നുപോകുമ്പോൾ, ഇതിനിടയിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകുന്നത് അപകടത്തിന് കാരണമാകുമെന്നതിനാലാണ് വൺവേ സംവിധാനം ഏർപ്പെടുത്തിയതെന്ന് എരുമേലി എസ്.എച്ച്.ഒ. എം. മനോജ് പറഞ്ഞു. 

ഭക്തർക്ക് സുഗമമായ തീർഥാടനം ഉറപ്പുവരുത്താൻ പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഭക്തർ നേരിടുന്ന അസൗകര്യങ്ങൾ പരിഹരിക്കൽ, വിലനിയന്ത്രണം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് റവന്യൂ കൺട്രോൾ റൂമിന്റെ പ്രവർത്തനം. റവന്യൂ, ഹെൽത്ത്, അളവുതൂക്കം, സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തുന്നുണ്ട്. ഫോൺ: പോലീസ് കൺട്രോൾ റൂം-04828 211300, റവന്യൂ കൺട്രോൾ റൂം-04828 211542.

error: Content is protected !!