കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഹൈടെക്ക് കാത്ത്‌ലാബ് ഡിസംബർ 20 ന് പ്രവർത്തനം ആരംഭിക്കും.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ 10.36 കോടി രൂപ ചിലവഴിച്ച് പുതിയതായി നിർമ്മിച്ച കാത്ത് ലാബ് ഡിസംബർ 20 ന് പ്രവർത്തനം ആരംഭിക്കും .
ഇതോടെ ജില്ലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കഴിഞ്ഞാൽ ഹൃദ്രോഗ ചികിത്സ ലഭ്യമാകുന്ന രണ്ടാമത്തെ സർക്കാർ ആതുരാലയമായി ജനറൽ ആശുപത്രി മാറും. സംസ്ഥാന സർക്കാർ അനുവദിച്ച പുതിയ പത്ത് കാത്ത് ലാബുകളിൽ ഒരെണ്ണമാണ് കുന്നേൽ ആശുപത്രിയെന്ന് അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് സ്വന്തമായത്.
5,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിച്ച കാത്ത് ലാബിന് വേണ്ടി എട്ടര കോടി രൂപയുടെ ഉപകരണങ്ങൾ ഉൾപ്പെടെ ആകെ 10.36 കോടി രൂപയാണ് വിനിയോഗിച്ചിട്ടുള്ളത്.
ആൻജിയോഗ്രാം പരിശോധനയും ആൻജിയോപ്ലാസ്റ്റി ചികിത്സയും ഇവിടെ ലഭ്യമാണ്. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ആയിര കണക്കിന് രോഗികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കാത്ത് ലാബിന്റെ സുഗമമായ പ്രവര്‍ത്തനങ്ങൾക്കാവശ്യമായ 2 കാര്‍ഡിയോളജിസ്റ്റുകളെ സർക്കാരും, കാത്ത് ലാബ് ടെക്‌നീഷ്യൻ,സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെ ആവശ്യമായ മറ്റ് 14 ജീവനക്കാരെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാഴൂർ ബ്ലോക്ക് പഞ്ചായത്തുമാണ് നിയമിച്ചിട്ടുള്ളത്.