എരുമേലിയിൽ ദേവസ്വംബോർഡിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആറിന്
എരുമേലി: കിഫ്ബി ഫണ്ടിൽ എരുമേലിയിൽ ദേവസ്വം ബോർഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആറിന് ഓൺലൈൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്ദഗോപൻ അറിയിച്ചു. ഇന്നലെ മകരവിളക്ക് തീർഥാടന ക്രമീകരണങ്ങൾ അവലോകനം ചെയ്യാൻ എരുമേലി ദേവസ്വം ഹാളിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എരുമേലിയിൽനിന്ന് ആരംഭിച്ച് കാളകെട്ടി, അഴുത വഴി പമ്പയിൽ എത്തുന്ന കാനനപാത പൂർണമായും സഞ്ചാരയോഗ്യമാണെന്നും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. കിഫ്ബി ഫണ്ടിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ആറിന് രാവിലെ 11.30ന് ഓൺലൈനിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി എരുമേലിയിൽ നടത്തുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി ഉൾപ്പെടെ പങ്കെടുക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. 15 കോടി ചെലവിട്ട് കിഫ്ബി ഫണ്ടിൽ ബഹുനില മന്ദിരമാണ് നിർമിക്കുക. 85000 സ്ക്വയറിൽ നിർമിക്കുന്ന നിർദിഷ്ട കെട്ടിടത്തിൽ 450 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള അന്നദാന കേന്ദ്രം, ഒരേ സമയം വിശ്രമിക്കാനും താമസിക്കാനുമുള്ള സൗകര്യം, 16 ഗസ്റ്റ് ഹൗസ് മുറികൾ, പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടാകുമെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് അംഗം മനോജ്, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ബ്ലോക്ക് അംഗം ടി.എസ്. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.