ശബരിമലയിൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധിക്കിടയാക്കുന്നു
ശബരിമല: ശബരിമലയിൽ ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. ശുചീകരണം, അരവണ വിതരണം, അന്നദാനം എന്നിവയ്ക്കൊക്കെ ജീവനക്കാരുടെ കുറവ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
മുമ്പ്, 2000-ലേറെ ജീവനക്കാർ മണ്ഡലകാലത്ത് ശബരിമലയിൽ സേവനമനുഷ്ഠിക്കാനുണ്ടായിരുന്നു. ഇക്കുറി ഇത് മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരവും കൂടി.
യന്ത്രസഹായത്തോടെയാണ് അരവണ തയ്യാറാക്കുന്നത്. ഇത് പെട്ടികളിലാക്കുന്നതിനും വിൽപ്പനയ്ക്കായി കൈമാറുന്നതിനും ആളുകൾ വേണം.
എക്സിക്യുട്ടീവ് ഓഫീസർ കൃഷ്ണകുമാർ വാര്യർ ഇടപെട്ടാണ് ഒടുവിൽ അരവണയുടെ കൈമാറ്റം വേഗത്തിലാക്കാൻ ജീവനക്കാരെ ലഭ്യമാക്കിയത്. അന്നദാനത്തിന് അഞ്ച് കൗണ്ടർ പ്രവർത്തിക്കാറുണ്ടെങ്കിലും ഇക്കുറി ജീവനക്കാരില്ലാത്തതിനാൽ രണ്ടായി ചുരുങ്ങി.
ജീവനക്കാരെ കൂടുതലായി കിട്ടിയാൽ കൂടുതൽ കൗണ്ടറുകൾ തുറക്കാമെന്നാണ് ബോർഡ് അധികൃതർ പറയുന്നത്. കോവിഡ് സാഹചര്യത്തിൽ തീർഥാടകരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുകൂട്ടൽ സാധ്യമല്ലായിരുന്നു. അതുകൊണ്ടുതന്നെ ദിവസവേതനക്കാരും കുറവായിരുന്നു. തീർഥാടകരുടെ വരവ് വർധിക്കുന്നത് തിരിച്ചറിഞ്ഞ് ജീവനക്കാരെ എടുക്കുന്നതിനുള്ള നടപടികളായപ്പോഴേക്കും ഒരുമാസത്തോളം വൈകി.
ശുചീകരണത്തിനുപോലും ആവശ്യത്തിന് ജീവനക്കാരില്ല.
ഈവർഷം ഇനി കൂടുതൽ ജീവനക്കാരെ കിട്ടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇനി കുറഞ്ഞദിവസങ്ങൾ മാത്രമാണ് തീർഥാടനമുള്ളത്. പോലീസ് ക്ലിയറൻസ്, ആർ.ടി.പി.സി.ആർ. തുടങ്ങിയവ പിന്നിട്ടുവേണം ജോലിക്കുവരാൻ.
നാട്ടിലെ മറ്റ് ക്ഷേത്രങ്ങളിൽനിന്നാണ് ഇവിടേക്ക് ജീവനക്കാർ വരേണ്ടിയിരുന്നത്. കോവിഡ് പിടിമുറുക്കിയതോടെ അവിടെയും ജീവനക്കാർ കുറഞ്ഞു.
അത്യാവശ്യംവേണ്ട ജീവനക്കാർ മാത്രമുള്ള ക്ഷേത്രങ്ങളിൽനിന്ന് അവർ മാറിനിന്നാൽ അവിടെയൊക്കെ പ്രതിസന്ധിയുണ്ടാകും. ഇതും ശബരിമലയിലേക്കുള്ള ജീവനക്കാർ കുറയാൻ കാരണമായി.