ശബരിമലയിൽ തിരക്കേറുന്നു
: മകരവിളക്ക് തീർഥാടനത്തിന് നടതുറന്നതോടെ ശബരിമലയിൽ തിരക്കേറുന്നു. ആദ്യദിനത്തിൽത്തന്നെ ശബരീശസന്നിധിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. എരുമേലിയിൽനിന്നുള്ള കാനനപാതകൂടി തുറന്നതോടെ, വരുംദിവസങ്ങളിലും നല്ല തിരക്കുണ്ടാകുമെന്നാണ് കരുതുന്നത്.
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് എരുമേലിയിൽനിന്ന് കരിമലയിലൂടെയുള്ള കാനനപാത തുറന്നത്. വെള്ളിയാഴ്ച 1330 ഭക്തർ എരുമേലിയിൽനിന്ന് കാനനപാതയിലൂടെമാത്രം എത്തി.
വെള്ളിയാഴ്ച പുലർച്ചെമുതലായിരുന്നു തീർഥാടകർക്ക് ദർശനാനുമതി.
മൂന്നുവർഷത്തിനുശേഷമാണ് ശബരിമല ഭക്തരാൽ നിറയുന്നത്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തരാണ് കൂടുതലും.
നടതുറന്നപ്പോൾമുതൽ ഭക്തജനത്തിരക്കുണ്ടായിരുന്നു. 4.30-ന് നെയ്യഭിഷേകം ആരംഭിച്ചു. നിത്യവും 60,000 പേർക്കാണ് ദർശനാനുമതി.
പുല്ലുമേട് പാത ഒരുക്കിയിടാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും ഇത് തുറക്കുന്നത് തീരുമാനിച്ചിട്ടില്ല. തിരക്ക് കൂടിയ സാഹചര്യത്തിൽ പോലീസ് സുരക്ഷയും കൂട്ടിയിട്ടുണ്ട്.