28 ന് അവിശ്വാസ പ്രമേയം നടക്കാനിരിക്കെ പഴയ വാഗ്ദാനങ്ങളുമായി എരുമേലി പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു .
എരുമേലി : 43.25 കോടി രൂപ വരവും, 42.30 കോടി ചെലവും, 9.5 ലക്ഷം രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന വാർഷിക ബഡ്ജറ്റ് എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിശ്രീ സാബു അവതരിപ്പിച്ചു. അതേസമയം മാർച്ച് 28 ന് അവിശ്വാസ പ്രമേയം നടക്കാനിരിക്കെ ബജറ്റിലെ പദ്ധതികളുടെ ഭാവി തുലാസിലാകുവാനും സാധ്യതയുണ്ട് . പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഭരണപക്ഷമായ ഇടതുപക്ഷവും സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ പദവികൾ പ്രതിപക്ഷമായ കോൺഗ്രസിനുമായതിനാൽ ഭരണത്തിലെ അഭിപ്രായ തർക്കങ്ങൾ മൂലം കഴിഞ്ഞ ബജറ്റിലെ പദ്ധതികൾ മിക്കതും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
:\28 ന് അവിശ്വാസ പ്രമേയ അവതരണം നടക്കാനിരിക്കെ നാല് കോടി ചെലവിട്ട് പുതിയ പഞ്ചായത്ത് ഓഫിസ് നിർമിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം ആവർത്തിച്ച് എരുമേലി പഞ്ചായത്ത് ബജറ്റ്. ഒപ്പം ബോധവൽക്കരണം നടത്തി പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യവും ബജറ്റിലുണ്ട്. കർണാടക മോഡൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് നാല് കോടി രൂപ ചെലവിട്ട് സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ഇന്നലെ വൈസ് പ്രസിഡന്റ് അനിശ്രീ സാബു അവതരിപ്പിച്ച ബജറ്റിലെ പുതിയ വാഗ്ദാനം.
കഴിഞ്ഞ വിവിധ വർഷങ്ങളിലെ ബജറ്റുകളിൽ തുടർച്ചയായി ആവർത്തിക്കുന്ന എരുമേലി,മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണവും ബസ് സ്റ്റാന്റുകളുടെ നിർമാണവും ഇത്തവണയുമുണ്ട്. ഇതുവരെ പ്രവർത്തിപ്പിക്കാൻ കഴിയാതെ വിജിലൻസ് കേസിലായ വൃദ്ധ സദനവും കഴിഞ്ഞ ബജറ്റിലെ പോലെ ഇത്തവണത്തെ ബജറ്റിലും സ്ഥാനം പിടിച്ചിട്ടുണ്ട്.
വനിതാ ക്ഷേമത്തിന് 5.60 കോടി, ഭിന്നശേഷിക്കാരുടെ ക്ഷേമ പദ്ധതികൾക്ക് 2.80 കോടി, ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്ക് 3.56 കോടി, തൊഴിലുറപ്പ് പദ്ധതികൾക്ക് അഞ്ച് കോടി, സാമൂഹിക പെൻഷനുകൾക്ക് 11 കോടി, പട്ടിക വർഗ ക്ഷേമത്തിന് 7.5 കോടി, കാർഷിക മേഖലയിൽ രണ്ട് കോടി, റോഡ് വികസനത്തിന് 1.30 കോടി, റോഡ് നവീകരണത്തിന് 72 ലക്ഷം, ക്ഷീര വികസനത്തിനും മൃഗ സംരക്ഷണത്തിനും ഒരു കോടി, ഒരു വർഷം പോലുമായിട്ടില്ലാത്ത ഷീ ഹോസ്റ്റൽ പുതുക്കാൻ 35 ലക്ഷം, കിടാരി വിതരണത്തിന് അഞ്ച് ലക്ഷം, ആരോഗ്യ ചികിത്സാ മേഖലയിൽ 38 ലക്ഷം, വയോജന പരിചരണത്തിന് അഞ്ച് ലക്ഷം തുടങ്ങിയവയും പ്രധാന പദ്ധതികളായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ബോട്ടിംഗ് സൗകര്യം, ചെക്ക് ഡാം, വയോജന പാർക്ക് ഉൾപ്പടെ ടൂറിസം മേഖലയിൽ നടപ്പിലാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച് സംസാരിച്ച വൈസ് പ്രസിഡന്റ് പറഞ്ഞു. 432597135 രൂപ വരവും 423086000 രൂപ ചെലവും 9517137 രൂപ മിച്ചവും പ്രതീക്ഷിക്കുന്നെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. ബജറ്റിൽ ഇന്ന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ ചർച്ച നടക്കും. ഭേദഗതികൾ, വിയോജിപ്പുകൾ, നിർദേശങ്ങൾ, പിന്തുണ തുടങ്ങിയവ ഇന്ന് ചർച്ചയിലാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം 28 ന് അവിശ്വാസ പ്രമേയം നടക്കാനിരിക്കെ ബജറ്റിലെ പദ്ധതികളുടെ ഭാവി തുലാസിലാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഭരണപക്ഷമായ ഇടതുപക്ഷവും സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ പദവികൾ പ്രതിപക്ഷമായ കോൺഗ്രസിനുമായതിനാൽ ഭരണത്തിലെ അഭിപ്രായ തർക്കങ്ങൾ മൂലം കഴിഞ്ഞ ബജറ്റിലെ പദ്ധതികൾ മിക്കതും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.