എരുമേലിയിൽ ഉപതെരഞ്ഞെടുപ്പിലേക്ക് നാല് പേർ പത്രിക നൽകി.
എരുമേലി : 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് പട്ടിക ജാതി വനിതാ സംവരണ വാർഡിൽ സ്ഥാനാർത്ഥികളായി നാല് പേർ ബുധനാഴ്ച പഞ്ചായത്ത് ഓഫീസിൽ എത്തി നാമ നിർദേശ പത്രിക നൽകി. പത്രിക നൽകാനുള്ള അവസാന ദിവസം ഒൻപതാം തീയതിയാണ്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി, ആം ആദ്മി പാർട്ടി എന്നീ രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളാണ് പത്രിക ഇന്നലെ സമർപ്പിച്ചത്.
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പുഷ്പാ ബാബു, യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ അനിതാ സന്തോഷ്, ബിജെപി സ്ഥാനാർത്ഥിയായി വി കെ നീതുമോൾ, എഎപി സ്ഥാനാർത്ഥിയായി ശോഭന എന്നിവരാണ് പത്രിക നൽകിയത്.
പഞ്ചായത്ത് സെക്രട്ടറി ടി ബെന്നി പത്രികകൾ സ്വീകരിച്ചു. ആദ്യമായി സ്ഥാനാർത്ഥിയായ പുഷ്പാ ബാബു വാർഡിലെ എഡിഎസ് ഭാരവാഹിയും വാതിൽപ്പടി സേവന വോളന്റിയറുമാണ്. ഒരു തവണ മാത്രം തോറ്റിട്ടുള്ള മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അനിതാ സന്തോഷിന് ഇത് അഞ്ചാമത്തെ മത്സരമാണ്. മുമ്പ് ചെറുവള്ളി എസ്റ്റേറ്റ് വാർഡിൽ ബിജെപി ക്ക് വേണ്ടി മത്സരിച്ചിട്ടുള്ള നീതുമോൾ ഇത് രണ്ടാം തവണയാണ് സ്ഥാനാർത്ഥിയാകുന്നത്. പഞ്ചായത്തിൽ ആദ്യമായി മത്സര രംഗത്തേക്ക് വന്നിരിക്കുന്ന ആം ആദ്മി പാർട്ടിക്ക് വേണ്ടി ആദ്യമായി സ്ഥാനാർത്ഥിയായിരിക്കുകയാണ് ശോഭന.
എൽഡിഎഫ്.
പത്രിക നൽകാൻ രാവിലെ 11 ഓടെ വാർഡിൽ നിന്നും എൽഡിഎഫ് പ്രവർത്തകരുമായി പ്രകടനമായെത്തിയ സ്ഥാനാർത്ഥിക്കൊപ്പം നേതാക്കളായ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, വൈസ് പ്രസിഡന്റ് അനിശ്രീ സാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എസ് കൃഷ്ണകുമാർ, കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി ബിനോ ജോൺ, സിപിഎം ലോക്കൽ സെക്രട്ടറി വി ഐ അജി, പി കെ അബ്ദുൽ കരീം, പഞ്ചായത്ത് അംഗങ്ങളായ ഷാനവാസ് പുത്തൻവീട്, ജെസ്‌ന നജീബ്, ടി വി ഹർഷകുമാർ, പി കെ തുളസി തുടങ്ങിയവരുണ്ടായിരുന്നു.
യുഡിഎഫ്.
ടൗണിൽ ശ്രീ ധർമ ശാസ്താ ക്ഷേത്രം, അസംപ്ഷൻ ഫൊറോന പള്ളി, നൈനാർ ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ എത്തിയ ശേഷം രാവിലെ 11.30 ഓടെ പ്രവർത്തകരും നേതാക്കളുമായി പ്രകടനമായെത്തിയാണ് അനിതാ സന്തോഷ് പത്രിക നൽകിയത്. കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം, ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോയി കപ്പലുമാക്കൽ, പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, രാജപ്പൻ നായർ, ലിസി സജി, മറിയാമ്മ മാത്യു, മണ്ഡലം പ്രസിഡന്റ് ടി വി ജോസഫ്, മുസ്ലിം ലീഗ് നേതാക്കളായ നൗഷാദ് കുറുങ്കാട്ടിൽ, വിജി മുഹമ്മദ്, ബഷീർ മൗലവി, ആർഎസ്പി നേതാക്കളായ പി കെ റസാഖ്, സിബി ആറാട്ടുകയം, കോൺഗ്രസ് നേതാക്കളായ ബിനു മറ്റക്കര, സലിം കണ്ണങ്കര, അച്ചൂട്ടി പഴയതാവളം, അൻസാരി പാടിക്കൽ, റെജി അമ്പാറ, വി എം നൗഷാദ്, പി ഡി ദിഗീഷ്, എം എസ് നാസർ, ബിജു വഴിപ്പറമ്പിൽ, ഏണസ്റ്റ്, പി എം ബഷീർ, പി കെ കൃഷ്ണകുമാർ, സിജി മുക്കാലി തുടങ്ങിയവർ പങ്കെടുത്തു.
ബിജെപി, എഎപി
മുതിർന്ന ബിജെപി നേതാവ് അനിയൻ എരുമേലിയുടെ നേതൃത്വത്തിലാണ് സ്ഥാനാർത്ഥി നീതുമോൾ പത്രിക നൽകിയത്. പാർട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മഞ്ജു ദിലീപ്, സെക്രട്ടറി അനിൽ, വാർഡ് പ്രസിഡന്റ് കെ പി മോഹനൻ, മധു കടുപ്പിൽ തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. സ്ഥാനാർത്ഥിയുടെ ജാതി സർട്ടിഫിക്കറ്റ് ഇന്ന് ഹാജരാക്കാൻ സെക്രട്ടറി സാവകാശം അനുവദിച്ചിട്ടുണ്ട്. ഒഴക്കനാട് സ്വദേശിയായ എഎപി സ്ഥാനാർത്ഥി ശോഭന പാർട്ടി ഭാരവാഹികൾക്കും ബന്ധുക്കൾക്കും ഒപ്പം എത്തിയാണ് പത്രിക നൽകിയത്.
പിൻവലിക്കണമെങ്കിൽ 13 വരെ.
നാമ നിർദേശ പത്രികകൾ ഇന്ന് വരെ നൽകാം. പത്തിന് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാൻ 13 വരെയാണ് സമയം. വോട്ടെടുപ്പ് 28 ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ കാരിത്തോട് എൻഎംഎൽപി സ്കൂൾ, എരുമേലി എൻഎസ്എസ് കരയോഗ മന്ദിരം എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളിൽ നടക്കും.