KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണം : മുഖ്യമന്ത്രി മുക്കൂട്ടുതറ എത്തിയപ്പോൾ നിവേദനങ്ങളുടെ പെരുമഴ.

മുക്കൂട്ടുതറ : മരണവീട്ടിൽ അനുശോചനം അറിയിക്കാൻ അപ്രതീക്ഷിതമായി മുഖ്യമന്ത്രി എത്തിയപ്പോൾ നിവേദനങ്ങൾ നൽകിയത് നിരവധി പേർ. എരുമേലിയിലെ അടിസ്ഥാന വികസന വിഷയങ്ങളായിരുന്നു നിവേദനങ്ങളിൽ മിക്കതിലും. കണമല അട്ടി വളവ് സുരക്ഷിതമാക്കുക, എരുമേലിയിൽ മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രി അനുവദിക്കുക, മൂക്കൻപെട്ടിയിൽ പാലം നിർമിക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾ ആണ് നിവേദനങ്ങളിൽ. ശബരിമലയിൽ തീർത്ഥാടന ഒരുക്കങ്ങൾ അവലോകനം ചെയ്ത ശേഷം എരുമേലി വഴി മടങ്ങുന്നതിനിടെ ഇടകടത്തിയിൽ മറുനാടൻ മലയാളി ഓൺലൈൻ മാധ്യമ എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവിന്റെ മരണത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ എത്തിയത്.

ശബരിമല സീസണിൽ കാനന പാതയിൽ ഭക്തർക്ക് നെഞ്ച് വേദന നേരിട്ടാൽ കോട്ടയത്തെ മെഡിക്കൽ കോളേജിൽ ആണ് വിദഗ്ധ ചികിത്സ നൽകാനാകുന്നതെന്നും അവിടെ വരെ എത്തിക്കുമ്പോൾ രോഗി മരണപ്പെടാമെന്നും അതേസമയം എരുമേലിയിലെ സർക്കാർ ആശുപത്രിയിൽ വിദഗ്ധ ചികിത്സ ഒരുക്കിയാൽ ഒട്ടേറെ പ്രയോജനം ആണെന്ന നിവേദനവും മുഖ്യമന്ത്രിയ്ക്ക് ലഭിച്ചു. മൂക്കൻപെട്ടിയിൽ വർഷങ്ങൾക്ക് മുമ്പ് നിർമിച്ച വീതിയും ഉയരവും കുറഞ്ഞ പാലം കാലവർഷ സീസണിൽ മുങ്ങുമെന്നും പുതിയ പാലം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും പൊതു പ്രവർത്തകൻ ബിനു നിരപ്പേൽ നിവേദനം നൽകി.

എരുമേലി, മുക്കൂട്ടുതറ ടൗണുകളിൽ എരുമേലി പഞ്ചായത്തിന്റെ വ്യാപാര സമുച്ചയങ്ങൾ അപകടത്തിൽ ആണെന്നും പൊളിച്ചു പുതിയ കെട്ടിടങ്ങൾ നിർമിക്കണമെന്നും നിവേദനം ലഭിച്ചു. എരുമേലിയിൽ കെഎസ്ആർടിസി ബസ് സ്റ്റേഷന് സ്ഥലം വാങ്ങി നൽകണമെന്ന ആവശ്യവും ഉൾപ്പടെ ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ചും നിവേദനങ്ങൾ ലഭിച്ചു. എൽഐസി പോളിസി മൂന്ന് വർഷം കഴിഞ്ഞു മുടക്കം വന്നാൽ തുക കണ്ടുകെട്ടുന്ന നടപടി പിൻവലിക്കണമെന്ന ആവശ്യം അടക്കം ഒട്ടേറെ നിവേദനങ്ങളാണ് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചത്.

error: Content is protected !!