മുണ്ടക്കയത്ത് ബാങ്കിലെത്തിയ വയോധികയെ കബളിപ്പിച്ച് 1.70 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ.
മുണ്ടക്കയം: ബാങ്കിൽ അക്കൗണ്ട് തുടങ്ങാനെത്തിയ വയോധികയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശി ജ്യോതികൃഷ്ണ (36)-യാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. മുണ്ടക്കയം മുറിക്കല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ 1.70 ലക്ഷം രൂപയാണ് നഷ്ടമായത്.
സെപ്റ്റംബറിലാണ് സംഭവം. ടി.ആർ. ആൻഡ് ടി. എസ്റ്റേറ്റിൽ നിന്നും വിരമിച്ച ലതയുടെ ഗ്രാറ്റുവിറ്റി തുക ചെക്കായിലഭിച്ചു. ഇത് മാറാനായി മുണ്ടക്കയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എത്തിയ ദിവസം സ്ലിപ് എഴുതുവാനും മറ്റും സഹായിക്കാനെന്ന വ്യാജേന എത്തിയ യുവതി ലതയുടെ അക്കൗണ്ടിൽ ചെക്ക് നൽകാനുള്ള രേഖകൾ എഴുതി നൽകി.
പിറ്റേന്ന് തുക അക്കൗണ്ടിൽ ആയിട്ടുണ്ടന്ന് പറഞ്ഞ് ലതയെ യുവതി ഫോണിൽ ബന്ധപ്പെട്ടു. ലത ബാങ്കിൽ എത്തിയപ്പോൾ ജ്യോതിയും ബാങ്കിൽ ഉണ്ടായിരുന്നു. പാസ്ബുക്ക് പതിപ്പിച്ചതിനുശേ ഷം മറ്റു ചില ഫോമുകളിൽകൂടി ജ്യോതി ഒപ്പിട്ടുവാങ്ങിയതായി പറയുന്നു. ജ്യോതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റുവാനുള്ള രേഖകൾ ആയിരുന്നു ലതയിൽ നിന്നും ഒപ്പിട്ട് വാങ്ങിയത്. കുറച്ചു ദിവസത്തിനുശേഷം ‘അക്കൗണ്ടിൽ പണം ഇല്ല’ എന്ന് കണ്ടെത്തിയതോടെ ലത, ജ്യോതിക്കെതിരേ പോലീസിൽ പരാതി നൽകി. ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
