‘ഒരുമയോടെ എരുമേലി’ പോലീസിന്റെ നേതൃത്വത്തിൽ വലിയതോട് ശുചീകരണത്തിൽ പങ്കെടുത്തത് നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ.
എരുമേലി : ജില്ലാ പോലിസ് മേധാവി നേരിട്ട് എത്തി ശുചീകരണത്തിന് നേതൃത്വം നൽകിയതോടെ വൻ ജനാവലി ഒപ്പം ചേർന്നു വൃത്തിയുടെ പുതിയ ചരിത്രം കുറച്ചു. ശനിയാഴ്ച ഉച്ചയോടെ എരുമേലി വലിയമ്പലത്തിൽ ആരംഭിച്ച ശുചീകരണത്തിൽ ജനപ്രതിനിധികളും പോലീസും വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പടെ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ. ജില്ലാ പോലിസ് ചീഫ് സാബു മാത്യു ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ജീവനക്കാർ, പഞ്ചായത്ത് അംഗങ്ങൾ, പോലീസുകാർ, എൻസിസി കേഡറ്റുകൾ, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റുകൾ, എൻഎസ്എസ് വിദ്യാർത്ഥികൾ, കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ, ഹരിത കർമ സേന അംഗങ്ങൾ, എരുമേലി ജമാ അത്ത് , അസംപ്ഷൻ ഫൊറോനാ പള്ളി , വിവിധ സന്നദ്ധ സംഘടനകൾ എന്നിവരുടെ സംഘങ്ങൾ പങ്കെടുത്തു . നൂറുകണക്കിന് പേർ ക്ഷേത്രത്തിലെ കുളിക്കടവിൽ ഇറങ്ങി മാലിന്യങ്ങൾ വാരി പെറുക്കി നീക്കി. 125 അംഗ വിശുദ്ധി സേന അംഗങ്ങളും ഇവർക്കൊപ്പം ചേർന്നു. മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് സോപ്പ് – ഷാമ്പു കവറുകൾ, വസ്ത്രങ്ങൾ അടക്കം തോട്ടിൽ നിന്ന് കണ്ടെടുത്തു പുറത്ത് എത്തിച്ചു.
ഇക്കഴിഞ്ഞ ദിവസം നിയമസഭ പരിസ്ഥിതി സമിതി തോട്ടിലെ തീർത്ഥാടക കുളിക്കടവ് സീസൺ തീരുന്നത് വരെ ദിവസവും വൃത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതേതുടർന്നാണ് പോലീസിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ ഇന്നലെ സംഘടിപ്പിച്ചതെന്നും ഇത് വൻ വിജയമായെന്നും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി റിജോ പി ജോസഫ് പറഞ്ഞു. ഫയർ ഫോഴ്സ് വിഭാഗം പ്രത്യേകമായി ശുചീകരണത്തിൽ പങ്കെടുത്തു. കുളിക്കുന്നതിടെ അയ്യപ്പ ഭക്തർ ഉപേക്ഷിച്ച നിരവധി വസ്ത്രങ്ങൾ ഇന്നലെ ജനകീയ കൂട്ടായ്മ കണ്ടെടുത്തു മാറ്റി.
എസ്സികുട്ടീവ് മജിസ്ട്രേറ്റ് രമ്യ എസ് നമ്പൂതിരി ,കാഞ്ഞിരപ്പള്ളി ഡിവൈ എസ് പി റിജോ ടി ജോസഫ് ,ഡിവൈഎസ്പി ശ്രീജിത്ത് ,എരുമേലി സി ഐ :സുരേഷ് , എസ്എച്ച്ഒ സച്ചിൻ എസ് കാർമൽ ,പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,ജമാഅത്ത് ഭാരവാഹികളായ നാസർ പനച്ചി , മിഥുലാജ് മുഹമ്മദ്, അബ്ദുൽ നാസർ, എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ് ഫൊറോനാപ്പള്ളിയിൽ നിന്നും ഫാ .ഡൊമിനിക് കാഞ്ഞിരത്തിനാൽ , ഫാ ഡെന്നീസ് പുതുപ്പറമ്പിൽ , ദേവസ്വം എ ഓ ആർ ശ്യാം കുമാർ ,എ ഇ യൂ ഹരീഷ്, ഡപ്യൂട്ടി റേഞ്ച് ഓഫീസർ നെജിമോൻ, അയ്യപ്പ സേവാ സംഘടന നേതാക്കളായ ,അനിയൻ എരുമേലി, മനോജ് എസ് നായർ , സോജി, പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി പി മാത്തൻ ഉൾപ്പെടെ ജനപ്രതിനിധികളും ,നാട്ടുകാരും പങ്കെടുത്തു.
