മാനവോദയ പകൽവീട് വാർഷിക ആഘോഷവും പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും.

തമ്പലക്കാട്: തമ്പലക്കാട് മാനവോദയ പകൽവീടിന്റെ ഒൻപതാമത് വാർഷിക ആഘോഷവും പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. തമ്പലക്കാട് എൻ.എസ്.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടികൾ കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.
തമ്പലക്കാട്ടിലെ അമ്മമാർക്ക് മാനവോദയ പകൽവീട് നൽകുന്ന സ്നേഹവും കരുതലും സേവനങ്ങളും സമൂഹത്തിന് മികച്ച മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പ്രസ്താവിച്ചു.
ന്യൂഡൽഹിയിലെ ‘ഇമേജ് ഇൻഫോസിസ്റ്റംസ്’ (Image Infosystems) സി.എസ്.ആർ (CSR) പദ്ധതിയിലുൾപ്പെടുത്തി മാനവോദയ നടപ്പിലാക്കുന്ന പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല നിർവഹിച്ചു. ചടങ്ങിൽ മാനവോദയ മുൻ പ്രസിഡന്റ് പരേതയായ തങ്കമ്മ ടീച്ചറുടെ ഛായാചിത്ര അനാച്ഛാദനം ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വട്ടക്കാട് നിർവഹിച്ചു.
വിവിധ മേഖലകളിൽ മികച്ച വിജയം കൈവരിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ നീരജ, ദിവ്യ കൃഷ്ണ, ആർച്ച എന്നിവർക്കും, ‘കേരള ബെസ്റ്റ് റെസിഡൻഷ്യൽ ബിൽഡർ’ പുരസ്കാരം നേടിയ ജനീവിനും ഉപഹാരങ്ങൾ നൽകി ആദരിച്ചു. സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും നാട്ടുകാരും പഞ്ചായത്ത് മെമ്പർമാരായ അമ്പിളി ഉണ്ണികൃഷ്ണൻ, ബിജോ മോൾ, സിൽവി അനിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
