എരുമേലിയിൽ ചൂഷണം തടയാൻ സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.

എരുമേലി : ദേവസ്വം ബോർഡിന്റെ ലേലം ചെയ്തു നൽകിയ കടകളിൽ അയ്യപ്പഭക്തരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നത് തടയാൻ ബോർഡിന്റെ സ്വന്തം സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഇത് കൂടാതെ സർക്കാർ തലത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡിൽ മോട്ടോർ വാഹന വകുപ്പിനെ കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എരുമേലിയിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുമായി ദേവസ്വം ബോർഡ് നടത്തിയ ശബരിമല തീർത്ഥാടന മുന്നൊരുക്ക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വവുമായുള്ള ലേല നിബന്ധനകൾ കരാറുകാർ പാലിക്കുന്നുണ്ടോ എന്ന് സ്‌ക്വാഡ് പരിശോധിക്കും. നിബന്ധനകൾ ലംഘിക്കുന്നത് ആവർത്തിച്ചാൽ കരാർ റദ്ദാക്കും. അമിത നിരക്ക് സംബന്ധിച്ച് ഭക്തർ പോലീസിൽ പരാതിപ്പെട്ടാൽ ആവശ്യമായ സഹായം ദേവസ്വം ബോർഡിൽ നിന്നുണ്ടാകും. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിക്കുന്ന പ്രവണത അനുവദിക്കില്ല. ദേവസ്വം ലേലം ചെയ്ത കടകളിൽ മൂന്ന് ബിന്നുകളിൽ പ്രത്യേകമായി മാലിന്യങ്ങൾ വേർതിരിച്ചു നൽകണം. ഇത് ദേവസ്വത്തിന്റെ ചുമതലയിൽ നീക്കി പഞ്ചായത്തിന് കൈമാറും. ഇതിനാവശ്യമായ വാഹനം, തൊഴിലാളികൾ ഉൾപ്പടെ ദേവസ്വം ഏർപ്പെടുത്തും.
കാനനപാതയിൽ ഭക്തർക്ക് യാത്രാ നിയന്ത്രണത്തിൽ ഇളവ് വരുത്താൻ ദേവസ്വം ബോർഡിന് സ്വന്തം നിലയിൽ സാധിക്കില്ലന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ ദിവസവും ദർശനത്തിന് 80000 ഭക്തർ എത്തുന്ന നിലയിൽ വിർച്വൽ ക്യൂവും സ്പോട്ട് ബുക്കിങും സംവിധാനം ആണുള്ളത്. ഇളവ് വരുത്തുന്നത് ഇത് മുൻനിർത്തി ആലോചിച്ചു വേണം ചെയ്യേണ്ടതെന്നും ശബരിമലയിൽ തിരക്ക് വർധിപ്പിക്കുന്ന നിലയിൽ ഇളവ് വരുത്താനാകില്ലന്നും അദ്ദേഹം പറഞ്ഞു.
