മാലിന്യം പൊട്ടി ഒഴുകി ; എരുമേലി കെ.എസ്.ആർ. ടി.സി ശുചിമുറി ആരോഗ്യ വകുപ്പ് അടപ്പിച്ചു.
എരുമേലി: എരുമേലി കെ. എസ് .ആർ . ടി. സി ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ശുചിമുറിയിൽ നിന്നും മാലിന്യം പൊട്ടി ഒഴുകുന്നതുമായി ബന്ധപ്പെട്ട് പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പു നടത്തിയ പരിശോധനയിൽ ദുർഗന്ധവും, സ്ഥാപനത്തിന്റെ പുറകിലുള്ള മാലിന്യ ടാങ്ക് പുറത്തേക്ക് പൊട്ടി ഒഴുകുന്നതായും ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പ്രവർത്തനം നിർത്തിവയ്ക്കുവാൻ നിർദ്ദേശം നൽകി.
അടിയന്തിരമായി ന്യൂനതകൾ പരിഹരിച്ച് അധികാരികളെ ബോദ്ധ്യപ്പെടുത്തിയതിനു ശേഷം മാത്രമേ പ്രവർത്തനം തുടങ്ങാവൂ എന്നും കരാറുകാർക്ക് കർശന നിർദ്ദേശം നൽകി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ ഷാജിമോൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്സ്. സന്തോഷ്, ജോസ് എൽ , ജിതിൻ കെ എന്നിവർ പങ്കെടുത്തു.