KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മഹാദേവൻ വാഴുന്ന ചിറക്കടവ് ക്ഷേത്രത്തിൽ രോഗങ്ങളും ദുരിതങ്ങളുമകറ്റുന്ന മീനരി വഴിപാട്

ചിറക്കടവ് : ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രം ശൈവവിശ്വാസികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. സങ്കടം പറയുവാനെത്തുന്നവർക്കും ആശ്വാസം തേടി വരുന്നവർക്കും നന്ദി പറഞ്ഞെത്തുന്നവര്ക്കുമെല്ലാം അനുഗ്രഹം നല്കുന്ന ചിറക്കടവ് മഹാദേവൻ ഈ ദേശത്തിന്‍റെ അധിപൻ കൂടിയാണ് എന്നാണ് വിശ്വാസം .

വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഒരുപാടുണ്ട് ഈ ക്ഷേത്രത്തിന്. ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രത്തിൽ, ഒരു നാടിന് മുഴുവൻ അനുഗ്രഹം വർഷിച്ച് കാവലാളായി നിൽക്കുന്ന മഹാദേവനെ ഇവിടെ ശങ്കര നാരായണമൂർത്തീ ഭാവത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ശബരിമല വിശ്വാസങ്ങളുമായി ചേർന്നു നിൽക്കുന്ന ക്ഷേത്രമാണ് ചിറക്കടവ്. അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയനായാണ് ചിറക്കടവ് മഹാദേവനെ കണക്കാക്കുന്നത്. മാത്രമല്ല, ചെറുപ്പകാലത്ത് അയ്യപ്പന്‍ ഇവിടെ ചിറക്കടവിലെത്തി ആയോധനകല പഠിച്ചുവെന്നാണ് ഇവിടെ പറയപ്പെടുന്നത്. അയ്യപ്പന്‍റെ കളരി എന്നും വിശ്വാസികൾ ചിറക്കടവ് ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു.

മകര മാസത്തിൽ പുണർതം നക്ഷത്രത്തിൽ ഇവിടുത്തെ ഉത്സവത്തിന് കൊടിയേറും. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഇവിടുത്തെ ഏറ്റവും വലിയ ആഘോഷമാണ്. കൂടാതെ, വൃശ്ചിക മാസത്തിലെ അഷ്ടമി, കുംഭമാസത്തിലെ ശിവരാത്രി, ധനു മാസത്തിലെ തിരുവാതിര തുടങ്ങിയവ പ്രധാന ആഘോഷങ്ങളാണ്. പൊൻകുന്നത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന റോഡിലായതിനാൽ വളരെ എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം.

ചിറക്കടവ് ക്ഷേത്രത്തിലെ ഏറ്റവും പേരുകേട്ട വഴിപാടാണ് മീനരി വഴിപാട്. ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ പിതൃപുണ്യത്തിനും രോഗശാന്തിക്കുമായി കർക്കിടക വാവ് ദിനത്തിലെ മീനരി വഴിപാട് സമർപ്പണം ഏറെ പ്രസിദ്ധമാണ്. ക്ഷേത്രക്കുളത്തിലെ മീനുകൾക്ക് മീനൂട്ട് നല്കുന്ന വഴിപാടാണിത്. ക്ഷേത്രത്തിൽ നിന്നും പൂജിച്ച് നല്കുന്ന ധാന്യങ്ങൾ കിഴക്കേ നടയിടെ ചിറയിൽ കൊണ്ടുപോയി അവിടെ മീനുകൾക്ക് നല്കുന്നതാണിത്. വിശ്വാസികൾ വഴിപാടിന്‍റെ ഭാഗമായി ക്ഷേത്രക്കുളത്തിന് ചുറ്റുംനടന്ന് മത്സ്യങ്ങൾക്ക് ധാന്യം നല്കും. എന്നും വഴിപാട് ഉണ്ടെങ്കിലും കർക്കിടകത്തിലെ കറുത്ത വാവിൽ ഇത് നടത്തുവാനായി ധാരാളം വിശ്വാസികൾ എത്തുന്നു. രോഗങ്ങൾ പ്രത്യേകിച്ച്, ആസ്മയുമായി ബന്ധപ്പെട്ട രോഗങ്ങൾ മീനരി വഴിപാട് നടത്തിയാൽ മാറുമെന്നാണ് വിശ്വാസം.

error: Content is protected !!